വടക്കഞ്ചേരി: അകമല ഫോറസ്റ്റ് സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ ഈ മേഖലയുടേതടക്കം വനസംരക്ഷണ ചുമതല വാഴാനി ഫോറസ്റ്റ് സ്റ്റേഷന്. എന്നാൽ അധികമായി അനുവദിച്ചത് ഒരു ജീവനക്കാരനെ മാത്രം. അകമല സ്റ്റേഷൻ അടയ്ക്കുന്നതിന് മുമ്പ് വാഴാനിയിൽ 12 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോഴത് 13 ആയി. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വനമേഖലയുടെ സംരക്ഷണച്ചുമതല ഇതോടെ ജീവനക്കാർക്ക് വലിയ ഭാരമായി.
റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി.) സേവനം പ്രയോജനപ്പെടുത്തിയാണ് വിശ്രമമില്ലാത്ത പ്രവർത്തനം. കാട്ടാനകളെ തുരത്തണം, ജനവാസ മേഖലകളിലിറങ്ങുന്ന പാമ്പുകളെ പിടികൂടണം. ഇങ്ങനെ ജോലിഭാരം ഏറെയാണ് അംഗങ്ങൾക്ക്. കുതിരാൻ വഴി എത്തിയ കാട്ടാനക്കൂട്ടം ഇപ്പോൾ വനമേഖലയിലും ജനവാസ മേഖലകളിലും ഭീഷണിയുയർത്തുകയാണ്.
ഫെൻസിങ്ങില്ലാതെ 6.6 കിലോമീറ്റർ
അകമല, ചേപ്പിലക്കോട് മേഖലകളിൽനിന്ന് ഇറങ്ങിയ കാട്ടാനകൾ കരുമത്ര കാപ്പി മേഖലയിൽ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. ജനങ്ങളെ സംരക്ഷിക്കാൻ വനംവകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. പട്ടാണിക്കാട്, കുഴിയോട് മേഖലകളിൽ 1,200 മീറ്റർ ദൂരത്തിൽ രണ്ടുനിര ഫെൻസിംഗ് സ്ഥാപിച്ചു. ഇതോടെ ഈ മേഖലയിൽ ആനശല്യത്തിന് നേരിയ കുറവുണ്ടായി. എന്നാൽ ആനകൾ ഇപ്പോൾ കരുമത്ര കാപ്പി മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. നഗരസഭയിലെ ചേപ്പിലക്കോട് മുതൽ തെക്കുംകര പഞ്ചായത്തിലെ പൊതുശ്മശാനമായ വിരുപ്പാക്ക നിദ്രാവനം വരെ 6.6 കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗില്ല. ഈ ഭാഗത്തും ഫെൻസിംഗ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. എന്നാൽ വലിയ സാമ്പത്തിക ചെലവ് പദ്ധതിക്ക് പ്രതിസന്ധിയാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |