ഇന്ന് കൊടിയേറ്റ്; 14, 15, 16 തീയതികളിൽ രഥപ്രയാണം; 16ന് ദേവരഥസംഗമം
പാലക്കാട്: കാലം കാത്തുവെച്ച ആചാരപ്പെരുമയ്ക്ക് വീണ്ടും ഉത്സവച്ചമയം. അഗ്രഹാരവീഥികളിൽ രഥമണികൾ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. വിശ്വാസത്തിന്റെ താളത്തിൽ ചുവടുവെച്ച്, പൈതൃകത്തിന്റെ പെരുമ നെഞ്ചിലേറ്റി കൽപ്പാത്തി വീണ്ടും രഥോത്സവനാളുകളിലേക്ക് കടക്കുകയാണ്. രഥചക്രങ്ങൾ ഉരുളുന്ന വഴികളിൽ ഓർമകളും വിശ്വാസങ്ങളും ഒരുപോലെ ഉണരുമ്പോൾ ഈ വർഷത്തെ രഥോത്സവത്തിന് ഇന്ന് കൊടിയേറും. നാല് ക്ഷേത്രങ്ങളിലെ കൊടിയേറ്റത്തോടെ തുടങ്ങുന്ന ഉത്സവനാളുകൾക്ക് പിന്നാലെ അഗ്രഹാരവീഥികൾ ഭക്തിസാന്ദ്രമായ രഥപ്രയാണങ്ങൾക്ക് സാക്ഷ്യംവഹിക്കും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് കൊടിയേറുന്നത്. രാവിലെ 9.30നും 11.45നും ഇടയിലാണ് ചടങ്ങുകൾ. കൊടിയേറ്റത്തോടെ ഉത്സവാന്തരീക്ഷത്തിലേക്ക് ഉണരുന്ന അഗ്രഹാരങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വാഹനങ്ങളിലുള്ള ദേവതകളുടെ എഴുന്നള്ളത്തും നടക്കും. മയിലും മൂഷികനും ഋഷഭവുമുൾപ്പെടെയുള്ള വാഹനങ്ങളിൽ ദേവതകൾ വീഥികളിലെത്തുമ്പോൾ ഓരോ സന്ധ്യയും വിശ്വാസത്തിന്റെ വേറിട്ട കാഴ്ചകളാകും. ഉത്സവച്ചടങ്ങുകളിൽ സവിശേഷ സ്ഥാനമുള്ള അഞ്ചാം തിരുനാൾ പല്ലക്ക് രഥസംഗമം 12ന് അർധരാത്രി നടക്കും. തുടർന്ന് 14ന് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥാരോഹണത്തോടെ ദേവരഥ പ്രദക്ഷണത്തിന് തുടക്കമാകും. വിശ്വനാഥസ്വാമിയുടെയും ഗണപതിയുടെയും വള്ളിദൈവാനസമേത സുബ്രഹ്മണ്യസ്വാമിയുടെയും രഥങ്ങൾ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ അഗ്രഹാരവീഥികളിലൂടെ പ്രയാണം തുടങ്ങും. തലമുറകളായി കൈമാറിവന്ന ആചാരങ്ങളുടെ തുടർച്ചയായി രഥങ്ങൾ മുന്നേറുമ്പോൾ കൽപ്പാത്തിയുടെ തെരുവുകൾ ഉത്സവക്കാഴ്ചകളുടെ വേദിയാകും. രണ്ടാം തേരുത്സവദിനമായ 15ന് മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം പ്രയാണം തുടങ്ങും. മൂന്നാം തേരുത്സവദിനമായ 16ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. വൈകിട്ടോടെ ഇരുക്ഷേത്രങ്ങളിലെയും രഥങ്ങൾ പ്രയാണം ആരംഭിക്കും. തുടർന്ന് തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ ഉത്സവത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചയായ ദേവരഥസംഗമത്തിന് കൽപ്പാത്തി സാക്ഷിയാകും. രഥങ്ങളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രഥചക്രങ്ങൾക്കൊപ്പം ഉത്സവത്തിന്റെ ഓർമ്മകളും മുന്നോട്ടുരുളുന്ന ഈ ദിനങ്ങളിൽ അഗ്രഹാരങ്ങളിലേക്ക് വിവിധ ദേശങ്ങളിൽനിന്ന് ഭക്തരും സന്ദർശകരുമെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |