വാളയാർ: കഞ്ചിക്കോട് ഐ.ഐ.ടിയിൽ അത്യാധുനിക ഇന്നവേഷൻ പാർക്ക് ഒരുങ്ങുന്നു. ഗവേഷണ സ്ഥാപനങ്ങളും പുതിയ സംരംഭകരും വൻകിട കമ്പനികളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒന്നിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണിത്. പുതിയ ആശയങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, ആധുനിക സാങ്കേതിക വിദ്യകൾ എന്നിവയെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്കും യുവ സംരംഭകർക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വളർത്തിയെടുക്കാനും സാങ്കേതിക സഹായം നൽകുന്നതിനുമാണ് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നത്. കോളേജിലെ പഠന ഗവേഷണങ്ങളും വ്യവസായ മേഖലയിലെ ആവശ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്നത് കൂടിയാണ് പാർക്കിന്റെ ലക്ഷ്യം. പുതിയ സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായവും വിദഗ്ദ്ധരുടെ സേവനവും ഇന്നവേഷൻ പാർക്ക് ഒരുക്കും. അത്യാധുനിക ലാബ് സൗകര്യങ്ങളും ഒരുക്കും. വ്യവസായ സ്ഥാപനങ്ങൾക്ക് ഐ.ഐ.ടിയിലൂടെ തങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പസിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ ഭാഗമായാണ് ഇന്നവേഷൻ പാർക്ക് തുടങ്ങുന്നത്. 2025 സെപ്തംബർ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് രണ്ടാം ഘട്ടപദ്ധതി ഉദ്ഘാടനം ചെയ്തത്. 2600 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ ഇന്നവേഷൻ പാർക്കിന് പുറമെ അക്കാദമിക് ബ്ലോക്കുകൾ, ഹോസ്റ്റലുകൾ, അത്യാധുനിക സൗകര്യമുള്ള റിസർച്ച് പാർക്ക് എന്നിവ ഉൾപ്പെടുന്നു. ഐ.ടി.ഐയുടെ സ്വന്തം ക്യാമ്പസിലാണ് ഇന്നവേഷൻ പാർക്ക് ഒരുങ്ങുന്നത്. കേരള സർക്കാർ കഞ്ചിക്കോട് ഐ.ടി.ഐ ക്യാംപസിനായി 504 ഏക്കർ സ്ഥലം നേരത്തെ കൈമാറിയിട്ടുണ്ട്. ഇവിടെയാണ് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 1.55 ലക്ഷം ചതുരശ്ര മീറ്റർ ബിൽട്ടപ്പ് ഏരിയയിലുള്ള പുതിയ കെട്ടിടസമുച്ചയങ്ങൾ ഉയരുന്നത്. പുസ്തകങ്ങളിലും പ്രൊജക്ടുകളിലും ഒതുങ്ങിപ്പോകുന്ന ഗവേഷണങ്ങളെ പ്രായോഗിക തലത്തിൽ യാഥാർത്ഥ്യമാക്കാൻ ഇന്നവേഷൻ പാർക്ക് ഒരുങ്ങുകയാണ്. പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |