SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.54 AM IST

സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാനൊരുങ്ങി ആർ.ടി.ഒ

school-bus

പാലക്കാട്: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. കൊവിഡ് പശ്ചാത്തലത്തിൽ സെപ്തംബർ 30 വരെയാണ് സ്‌കൂൾ ബസുകളിലെ ഫിറ്റ്നസ് പരിശോധന സർക്കാർ ഒഴിവാക്കി നൽകിയത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ ബസുകളും ഫിറ്റ്നസ് എടുക്കണമെന്നും ഒക്ടോബറിൽ ജില്ലയിൽ ഫിറ്റ്നസ് പരിശോധന നടത്തുമെന്നും ആർ.ടി.ഒ എൻ. തങ്കരാജൻ അറിയിച്ചു.

കൂടുതൽ തേഞ്ഞതും പൊട്ടിയതുമായ ടയറുകൾ, ബ്രേക്ക്, ഹോൺ, അമിതവേഗം തുടങ്ങിയവയെല്ലാം അധികൃതർ പരിശോധിക്കും. നിലവിൽ രണ്ടുവർഷമായി ഓടാതിരിക്കുന്ന ബസുകൾ പലതും പൊടിയും തുരുമ്പും പിടിച്ച അവസ്ഥയാണ്. ഇവയെല്ലാം സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മിനുക്കുപണി നടത്തേണ്ടതുണ്ട്.


ബസ് നന്നാക്കാൻ വേണം നല്ലൊരു തുക

ജില്ലയിൽ എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പി.ടി.എയുടെയും സഹായത്തോടെയാണ് പല സർക്കാർ സ്‌കൂളും ബസുകൾ വാങ്ങിയത്. ഇത്തരത്തിൽ ജനപ്രതിനിധകളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറ്കടർ ഏറ്റുവാങ്ങി സ്‌കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്വവും സംരക്ഷണചുമതലയും പി.ടി.എ ഉൾപ്പെടെയുള്ള സ്‌കൂൾ അധികൃതർക്കാണ്.

സ്‌കൂളുകൾ അടച്ചതോടെ പി.ടി.എകൾക്കും വരുമാനമില്ലാതായി. ഇതോടെ ബസുകളുടെ പരിപാലനം നിലച്ച അവസ്ഥയിലാണ്. തുറക്കുമ്പോൾ നന്നാക്കാമെന്ന മട്ടിൽ ഷെഡുകളിൽ കിടക്കുകയാണ് പല ബസുകളും. നിറുത്തിയിട്ടിരിക്കുന്ന പല ബസുകളുടെയും ബാറ്ററി, ടയർ എന്നിവയെല്ലാം നശിച്ചിട്ടുണ്ട്.

ബസ് നന്നാക്കി ഫിറ്റ്നസ് എടുക്കാൻ പല സ്‌കൂളുകൾക്കും മിനിമം ഒരു ലക്ഷം രൂപയോളം ചെലവാക്കേണ്ടിവരും. സ്‌കൂൾ തുറന്നാൽ ക്ലാസുകൾ പല സമയത്തായതിനാൽ നേരത്തേതിനേക്കാൾ ബസുകൾക്ക് ഓട്ടമുണ്ടാകാനാണ് സാദ്ധ്യത. ഓരോ ദിവസവും നടത്തുന്ന സർവീസുകളുടെ എണ്ണം കൂടുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.


പരിശോധന ശക്തം

ജില്ലയിൽ ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്‌കൂൾ ബസ് ഒഴികെയുള്ള എല്ലാ വാഹങ്ങളുടെയും ഫിറ്റ്നസ് പരിശോധന നടക്കുന്നുണ്ട്. പുതിയ വാഹനങ്ങൾക്ക് രണ്ടുവർഷവും പഴയ വാഹനങ്ങൾക്ക് ഒരുവർഷവുമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

കൂടാതെ സമയത്തിന് റോഡ് നികുതി അടയ്ക്കാതെയും പെർമിറ്റ് പുതുക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരെയും കർശ നടപടിയെടുക്കും. ജില്ലയിൽ സ്വകാര്യ ബസുകൾ റൂട്ട് പെർമിറ്റിന്റെ കാലാവധി പുതുക്കാതെ സർവീസ് നടത്തുന്നത് പിടിക്കപ്പെട്ടാൽ പെർമിറ്റ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു.


ഫിറ്റ്നസ് ഇല്ലെങ്കിൽ വിധ വാഹനങ്ങൾക്ക് ഈടാക്കുന്ന പിഴ

.ഓട്ടോറിക്ഷ - 2000 രൂപ

.ചെറിയ വാഹനങ്ങൾ - 3000 രൂപ

.ഇടത്തരം വാഹനങ്ങൾ - 4000 രൂപ

.വലിയ വാഹനങ്ങൾ - 5000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL