
റാന്നി : ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ നവംബർ അഞ്ചിനകം പൂർത്തീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർദേശം നൽകി. വടശ്ശേരിക്കര, റാന്നി പഞ്ചായത്തുകളിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു എം.എൽ.എ.
റോഡുകളുടെ വശങ്ങളിലെ കാടുവെട്ടി അപകട സൂചന ബോർഡുകൾ വയ്ക്കാൻ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മണ്ണാറക്കുളഞ്ഞി - ചാലക്കയം പാതയിൽ കൂടുതൽ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ വടശ്ശേരിക്കര ജംഗ്ഷനിലും പരിസരത്തും ഉണ്ടാകുന്ന ട്രാഫിക് തടസങ്ങൾ പരിഹരിക്കുന്നതിനും സീബ്രാ ലൈനുകൾ വരയ്ക്കുന്നതിനും ദേശീയപാത അതോറിറ്റിയോട് യോഗം നിർദേശിച്ചു. വലിയ പാലത്തിന് ഇരുവശത്തും റെയിലുകൾ സ്ഥാപിച്ച് അപകടം ഒഴിവാക്കും.
പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പൊതുമരാമത്ത് റോഡിന്റെ വശത്ത് അപകടകരമായി ഇട്ടിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യാനും ഡി ടി പി സി കെട്ടിടത്തിന് സമീപം സ്ഥാപിച്ച ടോയിലറ്റ് ബ്ലോക്കിന് കൈവരികൾ സ്ഥാപിക്കുന്നതിനും ശുചിമുറികളുടെ പൈപ്പുകളുടെ ചോർച്ച ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ മോഹൻ, കെ.ആർ.പ്രകാശ്, സബ് കളക്ടർ സുമിത്ത് കുമാർ ഠാക്കൂർ , പഞ്ചായത്ത് സെക്രട്ടറിമാരായ ജി.സുധാകുമാരി, പി.ബി.സജി എന്നിവർ സംസാരിച്ചു.
മുന്നൊരുക്കങ്ങൾ
1. വിവിധ കുളിക്കടവുകൾ വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളതായി മേജർ ഇറിഗേഷൻ അറിയിച്ചു. ഇവിടെ ഹാൻഡ് റെയിൽ ഉൾപ്പെടെ സ്ഥാപിക്കും. കുളിക്കടവുകളിൽ ലൈറ്റുകൾ സ്ഥാപിച്ചു.
2. തിരുവാഭരണ പാതയിലും വിവിധ റോഡുകളിലും വൈദ്യുത ബോർഡ് ബൾബുകൾ സ്ഥാപിച്ചുതുടങ്ങി. രണ്ടുദിവസത്തിനകം പൂർത്തീകരിക്കും. കാരക്കാട് തോട്ടിലെ കാടുവെട്ടി തെളിക്കാൻ മൈനർ ഇറിഗേഷനെ ചുമതലപ്പെടുത്തി.
3. റാന്നി താലൂക്ക് ആശുപത്രിയിൽ അയ്യപ്പഭക്തർക്കായി 10 കിടക്കകൾ പ്രത്യേകം ഒരുക്കിയിട്ടുള്ളത് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്ന് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
4. വാട്ടർ അതോറിറ്റി പൈപ്പുകളുടെ അറ്റപ്പണികൾ 90% പൂർത്തീകരിച്ചു. പേഴുംപാറ, മണിയാർ ഭാഗങ്ങളെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്പെഷ്യൽ ഡ്യൂട്ടിക്ക് ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
5. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളായ രാമപുരം ക്ഷേത്രം, ചെറുകാവ് അമ്പലം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.
6. ശബരിമല ശുചീകരണ പ്രവർത്തനങ്ങൾക്കായി വടശ്ശേരിക്കര പഞ്ചായത്തിൽ 34 താൽക്കാലിക ശുചീകരണ പ്രവർത്തകരെ നിയോഗച്ചു.
മെഡിക്കൽ സ്റ്റോർ 24 മണിക്കൂറും
പ്രധാന ടൗണുകളിൽ ശബരിമല സീസൺ കാലത്ത് ഒരു മെഡിക്കൽ സ്റ്റോർ രാത്രികാലങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. കൂടാതെ ഏതെങ്കിലും ഒരു പെട്രോൾ പമ്പും ഇത്തരത്തിൽ തുറന്നു വയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |