
പത്തനംതിട്ട : തലമുറകളായി താമസിക്കുന്ന കൈവശ ഭൂമിക്കു പട്ടയം തേടിയുള്ള മലയോര ജനതയുടെ കാത്തിരിപ്പ് നീളുമ്പോൾ, നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച നിയമക്കുരുക്കുമാകുന്നു. മൂന്നും നാലും തലമുറകളായി കൈവശത്തിലിരുന്ന ഭൂമിക്ക് വനം, റവന്യു വകുപ്പുകളുടെ തർക്കത്തിൽ കുടുങ്ങി പലയിടത്തും പട്ടയം വൈകുകയാണ്.
ജില്ലയിലെ അപേക്ഷകൾ കേന്ദ്രാനുമതിക്ക് സമർപ്പിച്ചിട്ട് മൂന്നുവർഷമായി. റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് പരിധിയിൽപെട്ട സ്ഥലങ്ങളാണ് ഇവ. 1977 ജനുവരി ഒന്നിനു മുമ്പായി കൈവശ ഭൂമിയിൽ താമസമാക്കിയവരുടെ കുടുംബങ്ങൾ കാത്തിരിപ്പിലാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആറായിരത്തിലധികം പട്ടയങ്ങൾക്ക് കേന്ദ്രാനുമതി തേടി അപേക്ഷ നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് ഇപ്പോഴത്തെ റവന്യുമന്ത്രി കെ.രാജൻ ചുമതലയേറ്റശേഷമാണ്. അപേക്ഷ നൽകിയതിന് പിന്നാലെ സംസ്ഥാന റവന്യുവകുപ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടു. അപേക്ഷകളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രണ്ടുതവണ മടക്കി. വിശദീകരണക്കുറിപ്പുമായി തിരികെ നൽകിയതിന് പിന്നാലെ കേന്ദ്രസംഘം സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകി. ഒന്നര വർഷം കഴിഞ്ഞുവെങ്കിലും പട്ടയം നൽകാൻ പച്ചക്കൊടി ലഭിച്ചിട്ടില്ല.
വിനയായത് പെരുമ്പെട്ടി പട്ടയം
മറ്റു സ്ഥലങ്ങളിലെ പട്ടയപ്രശ്നങ്ങളുമായി ബന്ധമില്ലാത്തതാണ് പെരുമ്പെട്ടി പട്ടയം. എന്നാൽ അതുകൂടി പൊതുഅപേക്ഷയുടെ ഭാഗമാക്കിയത് മൊത്തത്തിലുള്ള അനുമതിക്ക് തടസമായി.
കൈയേറ്റ വനഭൂമിയുടെ പട്ടികയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി ഉൾപ്പെടുത്തിയതാണ് 512 കർഷകരുടെ പട്ടയം തടസപ്പെടാൻ കാരണം. വനപരിധിക്ക് പുറത്തുള്ള സ്ഥലം കൈയേറ്റ വനഭൂമിയുടെ പട്ടികയിൽപെടുത്തി ക്രമവത്കരിക്കാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണ് വിനയായത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം 2019ൽ നടന്ന സംയുക്തസർവേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വലിയകാവ് വനപരിധിക്കു പുറത്താണെന്ന് കണ്ടെത്തിയിരുന്നു. ഡിജിറ്റൽ സർവേയിലും വനഭൂമി വ്യക്തമാണ്.
വനമല്ലാത്ത 104.1 5 ഹെക്ടർ ഭൂമിയെ വനമെന്ന തെറ്റിദ്ധാരണയുടെ പേരിൽ കേന്ദ്രസർക്കാരിനുള്ള അപേക്ഷയിൽ ചേർക്കുകയാണുണ്ടായത്. ഇതിലൂടെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടായെന്ന് ആക്ഷേപമുയർന്നു. ഉദ്യോഗസ്ഥർ വരുത്തിയ പിഴവ് മൊത്തം പട്ടയം അപേക്ഷകളെയും നിയമക്കുരുക്കിലാക്കി.
ജില്ലയിലെ അപേക്ഷകർ : 6362
ഡിജിറ്റൽ സർവേയിൽ പ്രതീക്ഷ
പെരുമ്പെട്ടി വില്ലേജിലെ ഡിജിറ്റൽ റീസർവ്വേയിൽ 704 കൈവശങ്ങൾ വനത്തിൽ ഉൾപ്പെടാത്തതായി കണ്ടെത്തി. ഇക്കാര്യത്തിൽ റവന്യുവകുപ്പാണ് ഇനി തീരുമാനമെടുക്കേണ്ടത്.
പട്ടയത്തിനുള്ള ആറായിരത്തോളം അപേക്ഷകളിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടത്. പെരുമ്പെട്ടി പട്ടയം വൈകുന്നത് ഉദ്യോഗസ്ഥർക്കുണ്ടായ പിഴവാണ്. ഇതുപരിഹരിക്കാൻ വനംമന്ത്രിയെ കാണും.
രാജു എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |