
റാന്നി : വടശ്ശേരിക്കര അരീക്കക്കാവിൽ റോഡിലേക്ക് എടുത്തുചാടിയ മ്ലാവ് ഓട്ടോറിക്ഷയിടിച്ച് ചത്തു. ഇന്നലെ രാവിലെ 10 നാണ് സംഭവം. അരീക്കക്കാവിൽ നിന്ന് മണിയാറിലേക്ക് പോകുകയായിരുന്ന ഓട്ടോയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. തൽക്ഷണം ചത്തു. ഓട്ടോയ്ക്ക് കേടുപാടുകളുണ്ട്. ചിറ്റാർ ഫോറസ്റ്റ് ഓഫീസിൽ നിന്ന് വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം മറവുചെയ്തു. ഒരാഴ്ച മുമ്പ് സമീപ പ്രദേശത്ത് വീടിന്റെ പരിസരത്തെ മുള്ളുവേലിയിൽ കുരുങ്ങി പരിക്കേറ്റ മ്ലാവിനെ കണ്ടെത്തിയിരുന്നു. ഇതിനെ വനം വകുപ്പ് ആർ.ആർ.ടി രക്ഷപ്പെടുത്തി ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വിട്ടിരുന്നു. പ്രദേശത്ത് മ്ലാവും കാട്ടുപന്നികളും ജനവാസ മേഖലയിൽ വ്യാപകമാണ്. മുമ്പ് ഇതേ സ്ഥലത്ത് ഇരുചക്ര വാഹന യാത്രക്കാരെ മ്ലാവ് ഇടിച്ചിട്ട് പരിക്കേറ്റിരുന്നു. വന്യജീവികൾ റോഡിലേക്ക് എടുത്തുചാടുന്നത് ഇതേ പാതയിലുടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ സാബു ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |