
പത്തനംതിട്ട : ഹാജി സി. മീരാസാഹിബ് നഗരസഭാ ബസ് സ്റ്റാൻഡ് മൂന്നാം യാർഡ് ഇന്ന് ഉദ്ഘാടനം ചെയ്യും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഇതോടെ പൂർണതോതിലാകും.
നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് ഒന്നാം യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ ഘട്ടം ഘട്ടമായി നടത്തിയത്.പത്തനംതിട്ട മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്‌സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്. മുകൾനിലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പുതിയ പദ്ധതികളും
1 ലഭ്യമായ 5 ഏക്കർ സ്ഥലവും പൂർണമായി ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമ്മാണം. കിഴക്കുവശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായിക്കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമായി.
2 പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിൽ നടപ്പാത ഒരുങ്ങുന്നുണ്ട്.
3 ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത സായാഹ്ന സവാരിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപ്പാതയോട് ചേർന്ന് സജ്ജീകരിക്കും.
------------------
പരമാവധി ജനങ്ങൾ എത്തിച്ചേരുന്ന സാമൂഹിക ഇടമായി ബസ് സ്റ്റാൻഡ് മാറ്റുകയും ജനകീയ ഇടപെടലിലൂടെ വ്യാപകമായി ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഭരണസമിതി.
അഡ്വ. ടി. സക്കീർ ഹുസൈൻ
നഗരസഭാ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |