SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

വീട് ​തീ​ ​ക​വ​ർ​ന്നു,​ ​അർച്ചനയ്ക്ക് നഷ്ടം വീടും പാഠപുസ്തകങ്ങളും

niranam

തിരുവല്ല : സുഭാഷും ശ്രീജയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ അർച്ചനയും തീ കവർന്ന ചെറിയ വീടിന് മുന്നിൽ നിസഹായരാകുകയാണ്. അവരുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും നിറഞ്ഞ വീട് ഇന്നലെ രാവിലെ 11ന് അഗ്നിക്കിരയായി. വീടിരുന്ന ഭാഗത്ത് അടിത്തറയും കരിക്കട്ടയായി മാറിയ തടിക്കഷണങ്ങളും മാത്രം. നിരണം പഞ്ചായത്ത് 11 -ാം വാർഡിലെ കിഴക്കുംഭാഗം വാഴച്ചിറയിൽ വി.കെ.സുഭാഷ് പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ ശ്രീജ തുണിക്കടയിൽ ജോലി ചെയ്യുന്നു. ഇരുവരും രാവിലെ ജോലിക്ക് പോയ നേരത്താണ് ദുരന്തം ഉണ്ടാകുന്നത്. മാന്നാർ നായർസമാജം സ്‌കൂളിലെ വിദ്യാർത്ഥിയായ അർച്ചന പത്താംക്ളാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് കഴിഞ്ഞു വന്നപ്പോഴേക്കും വീട് പൂർണമായും കത്തിയമർന്നിരുന്നു. അപകട സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ലെങ്കിലും സമീപത്തേക്ക് തീപടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു സമീപത്തെ മരത്തിൽ തട്ടിനിൽക്കുകയായിരുന്നു. തടികൊണ്ട് മറച്ചുണ്ടാക്കിയ വീടിന്റെ മേൽക്കൂരയിൽ ടിൻ ഷീറ്റാണ് ഉപയോഗിച്ചിരുന്നത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുവല്ല, ഹരിപ്പാട്, തകഴി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു.

എല്ലാം ചാരമായി

പഠിക്കുന്ന പുസ്തകങ്ങളും വസ്ത്രങ്ങളും രണ്ട് അലമാരകൾ, കട്ടിലുകളും മേശയും ഫ്രിഡ്‌ജ്‌, ആധാരം, ഫാനുകൾ, സ്വർണാഭരണങ്ങൾ, പാത്രങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നതെല്ലാം കത്തിനശിച്ചു. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസും റവന്യു അധികൃതരും ജനപ്രതിനിധികളും അദ്ധ്യാപകരും സ്ഥലത്തെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. എസ്.സി സംവരണ വിഭാഗത്തിൽപ്പെട്ട നിർദ്ധനരായ കുടുംബത്തിന് സർക്കാർ പദ്ധതിയിൽ വീട് അനുവദിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL