
പത്തനംതിട്ട: ജില്ലയിൽ ട്രൈബൽ സ്കൂളുകൾ എന്നതു പേരിന് മാത്രം. സ്കൂളുകൾക്ക് ആനുകൂല്യങ്ങളും അർഹതപ്പെട്ട സഹായങ്ങളും ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ ആദിവാസി മേഖലയിലെ കുട്ടികൾക്കായി ട്രൈബൽ സ്കൂളുകൾ നാലെണ്ണമാണുള്ളത്. രണ്ടിലും ആദിവാസി വിഭാഗത്തിൽ നിന്ന് കുട്ടികൾ ഇല്ലാത്തതിനാൽ ഫണ്ടും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയാണ്. ട്രൈബൽ സ്കൂളുകൾക്കുള്ള ഫണ്ട് നാല് മാസമായി മുടങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്. വിദ്യാവാഹിനി പദ്ധതി പ്രകാരമാണ് ട്രൈബൽ സ്കൂളുകൾക്ക് ബസുകൾ അനുവദിക്കുന്നത്. കുട്ടികൾക്കുള്ള യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങിയവയ്ക്കും സമയത്ത് ഫണ്ട് കിട്ടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അദ്ധ്യാപകർ മുൻകൈയെടുത്താണ് സ്കൂളുകളിലെ ദൈനംദിന ചെലവുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
അട്ടത്തോട് സ്കൂൾ
നിലയ്ക്കൽ അട്ടത്തോട് ട്രൈബൽ സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ടെങ്കിലും അറ്റകുറ്റപ്പണിയുടെയും ഡീസൽ അടിക്കുന്നതിന്റെയും ചെലവ് മൂന്ന് മാസമായി ലഭിക്കുന്നില്ല. പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ചേർന്ന് പിരിവിട്ടാണ് ബസിന് ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ഫണ്ട് വിനിയോഗിക്കുന്നത്. നഴ്സറി മുതൽ നാലാം ക്ളാസ് വരെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
# ആകെ 55 കുട്ടികൾ
# ഒന്നു മുതൽ 5 വരെ 41
# നഴ്സറി 14
ഗുരുനാഥൻമണ്ണ് സ്കൂൾ
ഗുരുനാഥൻമണ്ണ് ഗവ. ട്രൈബൽ സ്കൂളിൽ ട്രൈബൽ വിഭാഗം കുട്ടികൾ ഇല്ലാത്തതിനാൽ വകുപ്പുതല ഫണ്ട് കിട്ടുന്നില്ല. സ്വന്തമായി കെട്ടിടമില്ല. എൽ.പി വിഭാഗം കെട്ടിടം പൊളിച്ചിട്ടിട്ട് മാസങ്ങളായി. പുതിയ കെട്ടിടം പണി അടിത്തറയിൽ നിന്ന് മേലോട്ട് ഉയർന്നിട്ടില്ല. കരാറിന്റെ പേരിൽ തർക്കത്തിൽ കുടുങ്ങിയ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. സ്കൂൾ ഒാഡിറ്റോറിയത്തിലാണ് ക്ളാസുകൾ പ്രവർത്തിക്കുന്നത്. കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് സ്കൂളിന് ട്രാവലർ അനുവദിച്ചു. നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഒാടിക്കാൻ പറ്റുന്നില്ല. രണ്ടു ജീപ്പുകളിലായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു. ഇതിന്റെ ചെലവ് അദ്ധ്യാപകരാണ് വഹിക്കുന്നത്.
# ആകെ 63 കുട്ടികൾ
# യു.പി 52
# പ്രീ പ്രൈമറി 11
കട്ടച്ചിറ സ്കൂൾ
രേഖകളിൽ ട്രൈബൽ ആണെങ്കിലും ആ വിഭാഗത്തിൽ നിന്ന് ഒരു കുട്ടി പോലും ഇല്ലാത്തതിനാൽ സ്കൂൾ ബസും മറ്റ് ആനുകൂല്യങ്ങളുമില്ല. വാഹന സൗകര്യമില്ലാത്ത ഭാഗങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്. കട്ടച്ചിറ ജംഗ്ഷൻ വരെ നടന്നു വരുന്ന കുട്ടികളെ അവിടെ ജീപ്പിലേക്ക് സ്കൂളിൽ എത്തിക്കുന്നു. ചെലവ് അദ്ധ്യാപകർ വഹിക്കുന്നു. എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം നേടുന്ന സ്കൂളാണിത്.
# ഒന്നു മുതൽ പത്ത് വരെ 49 കുട്ടികൾ
വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ
പട്ടികവർഗ വകുപ്പ് നേരിട്ട് നടത്തുന്ന സ്കൂളായതിനാൽ പ്രതിസന്ധികളില്ല. കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ഭക്ഷണവുമുണ്ട്. സ്കൂൾ ആവശ്യത്തിന് എം.പിയുടെ ഫണ്ടിൽ നിന്ന് ബൊലറോ ജീപ്പ് അനുവദിച്ചു.
# അഞ്ച് മുതൽ ഹയർസെക്കൻഡറി വരെ 200 കുട്ടികൾ
ട്രൈബൽ വിഭാഗത്തിൽ നിന്ന് കുട്ടികൾ ഇല്ലാത്തതിനാലാണ് ഫണ്ട് ലഭിക്കാൻ തടസം. മറ്റ് പ്രശ്നങ്ങൾ പരിശോധിക്കും
നജീബ്, ജില്ലാ ട്രൈബൽ ഒാഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |