SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

അർബുദത്തിന് കീഴടങ്ങി ഗോപാലകൃഷ്ണൻ; ശബരിമലയുടെ ശബ്ദം നിലച്ചു

gopala-kri

കോഴഞ്ചേരി : രണ്ടര പതിറ്റാണ്ടായി ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി നിർദ്ദേശങ്ങളും അറിയിപ്പുകളും മൈക്കിലൂടെ അറിയിച്ചിരുന്ന കോഴഞ്ചേരി മുരിക്കേത്ത് വടക്കേതിൽ കെ.പി.ഗോപാലകൃഷ്ണൻ നായർ (68) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.

അഞ്ചു പതിറ്റാണ്ടോളം മദ്ധ്യതിരുവിതാംകൂറിലെ പ്രധാന കൂട്ടായ്മകൾക്കും പരസ്യപ്രചരണങ്ങൾക്കും ഗോപാലകൃഷ്ണന്റെ ശബ്ദമായിരുന്നു അകമ്പടി. വ്യാപാരമേളകളിലും ആദ്ധ്യാത്മിക മേളകളിലും ടൂർണമെന്റുകളിലും ആ ശബ്ദം ഉയർന്നുകേട്ടു. ഖദർ വേഷവും ഇടതൂർന്ന താടിയും ശരീരം പോലെ ഗംഭീരമായ ശാരീരവും ഗോപാലകൃഷ്ണനെ നാടിന്റെ പ്രിയങ്കരനാക്കി. കലാനിലയം നാടകവേദിയിൽ ശബ്ദഗാംഭീര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രദ്ധേയനായി. സ്വന്തം കാറിലും ജീപ്പിലും സ്വയം ഡ്രൈവുചെയ്യുന്നതിനൊപ്പം അനൗൺസ്മെന്റ് ചെയ്ത് നീങ്ങുന്ന ഗോപാലകൃഷ്ണന്റെ യാത്ര കൗതുകമായിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണൻ കോഴഞ്ചേരി താലൂക്ക് രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങളിലെ മുൻനിര സാന്നിദ്ധ്യവുമായിരുന്നു. ശബരിമലയിൽ കൂട്ടംതെറ്റി വിഷമിക്കുന്ന തീർത്ഥാടകരുടെ പേരുവിവരങ്ങൾ വിളിച്ചുപറഞ്ഞശേഷം ഉണ്ടാകുന്ന പുന:സംഗമത്തിലൂടെ ശബ്ദസഹായമാകുന്നത് നിയോഗമായി അദ്ദേഹം കരുതിയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കോഴഞ്ചേരി ടൗണിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL