SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കോന്നി - അച്ചൻകോവിൽ വനപാതയ്ക്കരികിൽ കാട്ടാനകൾ

elephant-

കോന്നി : കല്ലേലി - അച്ചൻകോവിൽ വനപാതയിൽ കാട്ടാനകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു. വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്ന അച്ചൻകോവിലാറ്റിൽ കാട്ടാനകൾ വെള്ളം കുടിക്കാൻ ഇറങ്ങുന്നത് പതിവാണ്. കോന്നി വനംഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന പാതയിൽ വന്യമൃഗങ്ങളുടെ നിരന്തര സാന്നിദ്ധ്യമാണുള്ളത്. മുൻപ് കോന്നി വനംഡിവിഷന്റെ പരിധിയിലെ ചെമ്പനരുവി ഭാഗത്ത് അജ്ഞാതനെ കാട്ടാന ചവിട്ടികൊന്ന സംഭവമുണ്ടായി. ബൈക്ക് യാത്രക്കാരിൽ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടിട്ടുള്ളത്. വേനൽമഴ ശക്തമായതോടെ റോഡരികിൽ പുല്ലുകളും കാടുകളും വളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളിൽ എത്തുന്നവർക്ക് വളവുകളിൽ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനാകില്ല. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.

കല്ലേലി മുതൽ അച്ചൻകോവിൽ വരെ അച്ചൻകോവിലാറിനു സമാന്തരമായാണ് വനപാതയിലൂടെയുള്ള യാത്ര. സഞ്ചാരികൾക്ക് ഇവിടം കൂടുതൽ ഇഷ്ടപ്പെടുമെങ്കിലും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഭീഷണിയാണ്. കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെ സാന്നിദ്ധ്യവുമുണ്ട്. ആവണിപ്പാറ ആദിവാസികോളനി അച്ചൻകോവിലാറിന് സമീപത്താണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മാസംതോറും ആവണിപ്പാറയിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.

ഓരോവളവും സൂക്ഷിച്ചു ആന ഉണ്ടോയെന്ന് ഉറപ്പാക്കിയേ പോകാൻ കഴിയു.

ജാഗ്രത വേണം

വനപാതയിലൂടെയുള്ള യാത്രയ്ക്കിടെ വാഹനത്തിനോ യാത്രക്കാർക്കോ അത്യാഹിതം സംഭവിച്ചാൽ പുറം ലോകത്തെത്താൻ ബുദ്ധിമുട്ടും. കല്ലേലിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയോടെ വേണം യാത്ര ചെയ്യാൻ. മഴ സീസണിൽ കാടിന്റെ പച്ചപ്പും തണുപ്പും ആസ്വദിക്കാം. രാത്രി വനത്തിലൂടെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആവണിപ്പാറയ്ക്ക് സമീപം പുനലൂർ ആലിമുക്കിൽ നിന്നുള്ള പാതയും കൂടി ചേരുന്നു. അച്ചൻകോവിൽ ചെമ്പനരുവി ഭാഗത്ത് പുതിയ ഒരു ചെക്ക് പോസ്റ്റ് കൂടി പ്രവർത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് വനം വന്യജീവി വകുപ്പ്.


വനപാത : 40 കിലോമീറ്റർ

യാത്രാസമയം : 1.30 മണിക്കൂർ

റോഡരികിൽ കാട്ടാനകളെ കണ്ടാൽ വാഹനങ്ങൾ നിറുത്തി സമീപത്തുചെന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

ആയുഷ്കുമാർ കോറി (ഡി.എഫ്.ഒ കോന്നി )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL