SignIn
Kerala Kaumudi Online
Monday, 01 June 2026 2.30 AM IST

കെട്ടിടം അപകടാവസ്ഥയിൽ, ഖാദി സ്റ്റോർ റൂം പൂട്ടി

khadhi

ഇലന്തൂർ : ഖാദി ബോർഡിൽ ഉൽപാദിപ്പിക്കുന്ന എള്ള് എണ്ണയും തേനും സൂക്ഷി​ച്ചി​രുന്ന ഇലന്തൂരി​ലെ സ്റ്റോർ റൂം കെട്ടിടം കാലപ്പഴക്കത്തി​ന്റെ ജീർണതയി​ൽ. പൊട്ടിപൊളിഞ്ഞു അപകടാവസ്ഥയിലായ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. സ്റ്റോർ റൂം ഇല്ലാത്തതിനാൽ ഉൽപന്നങ്ങൾ ശേഖരിച്ച് വയ്ക്കുവാൻ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. പകരം മറ്റൊരു മുറി ക്രമീകരിച്ചിണ്ടെങ്കിലും ഉൽപന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ ഈ സ്ഥലം മതിയാകുന്നില്ല.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ഇവിടെ നിന്ന് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാറുണ്ട്. മര ചക്കിൽ ആട്ടുന്ന എള്ള് എണ്ണയ്ക്ക് ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആവശ്യക്കാർ എത്താറുണ്ട്. കെട്ടിടത്തിന്റെ ഭിത്തിയും മേൽക്കൂരകളും വിണ്ടുകീറി കോൺക്രീറ്റ് അടർന്ന് നിലയിലാണ്. പൊളിഞ്ഞു ഇളകിയ ഭിത്തിയിൽ നിന്ന് കുമ്മായവും സിമന്റും അടർന്ന് വീഴും. കട്ടിള പാളികൾ ദ്രവിച്ചു.

20 വർഷത്തെ പഴക്കം
കെട്ടി​ടത്തി​ന്റെ ശോചനീയത ചൂണ്ടി​ക്കാട്ടി​ മുൻഭരണസമിതിയ്ക്ക് അധികൃതർ പരാതി നൽകിയെങ്കിലും പുതിയ കെട്ടിടമോ മെയിന്റൻസോ അനുവദി​ച്ചില്ല. ഉപയോഗ ശൂന്യമായ യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുകയാണിവിടെ. മുമ്പ് കോളേജിനായി പണിത ഹോസ്റ്റൽ കെട്ടിടമായിരുന്നു ഇത്. പിന്നീട് കെട്ടിടം ഖാദി ബോർഡി​ന് കൈമാറുകയായി​രുന്നു. ഇരുപത് വർഷം പഴക്കമുള്ള കെട്ടിടമാണിത്.

ഇവിടെ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ

നെയ്ത്ത് വസ്ത്രങ്ങൾ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, എള്ളി​ൻ പിണ്ണാക്ക്, തേൻ.

ചരിത്രം

1937 ജനുവരി 20നു ഗാന്ധിജിയും സംഘവും ആറന്മുള വഴി കാൽനടയായി ഇലന്തൂരി​ൽ എത്തി. വിദേശികളെ തുരത്താൻ ഖാദി പ്രോത്സാഹിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് ഇലന്തൂരിൽ ഖാദി പ്രസ്ഥാനത്തിന്റെ തുടക്കം.
ഈ പ്രസംഗത്തിൽ ആകൃഷ്ടനായ ഖദർദാസ് ഗോപാലപിള്ള 1941 ഒക്ടോബർ 2ന് ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചു. പ്രദേശവാസികളെ നൂൽനൂൽപ് പഠിപ്പിച്ചു. ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിന് കൈമാറി. പി​ന്നീട് ഇവിടെ ഒരു സ്വാശ്രയ കോളേജിനായുള്ള ഹോസ്റ്റൽ കെട്ടിടം പണിതു. പദ്ധതി നടക്കാത്തതിനാൽ പിന്നീ‌ട് ഖാദി ബോർഡ് സ്ഥലം ഏറ്റെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL