
തിരുവല്ല : പ്ലാസ്റ്റിക് കുപ്പികളുടെ ക്ഷാമത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം ഇന്നുമുതൽ പുനരാരംഭിക്കും. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ വിദേശമദ്യമായ ജവാൻ മദ്യ ഉൽപാദനം കഴിഞ്ഞ 12നാണ് നിറുത്തിയത്. നിലവിലുള്ള കരാർപ്രകാരം മദ്യം നിറയ്ക്കുന്ന കുപ്പിയും അടപ്പും നൽകാൻ കരാറുകാർ മടിച്ചതിനെ തുടർന്നാണ് ജവാന്റെ ഉൽപാദനം രണ്ടാഴ്ചയോളം മുടങ്ങിയത്. എക്സൈസ് മന്ത്രി എം.ലിജുവിന്റെ ചേമ്പറിൽ കുപ്പി കമ്പനിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മദ്യത്തിന്റെ ഉൽപ്പാദനം തുടങ്ങാൻ തീരുമാനമായത്. ഇതേതുടർന്ന് മദ്യം വിതരണത്തിന് ആവശ്യമുള്ള കുപ്പികളും എത്തിത്തുടങ്ങി.
പശ്ചിമേഷ്യയിലെ യുദ്ധംകാരണം മദ്യം നിറയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പിക്കും അടപ്പിനും ഗണ്യമായി വില വർദ്ധിച്ചിരുന്നു. കുപ്പിയും അലുമിനിയം അടപ്പും ഇവിടേക്ക് വിതരണം ചെയ്തിരുന്നത് സ്വകാര്യ ഏജൻസിയാണ്. കുപ്പിക്കും അടപ്പിനും കൂടുതൽ വില നൽകിയെങ്കിലേ വിതരണം നടത്താൻ കഴിയൂയെന്നായിരുന്നു ഏജൻസികളുടെ നിലപാട്. എന്നാൽ, സർക്കാർ സ്ഥാപനമായതിനാൽ കൂടുതൽ വില നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന നിലപാട് മാനേജ്മെന്റ് സ്വീകരിച്ചതോടെയാണ് മദ്യ ഉൽപ്പാദനവും വിതരണവും പ്രതിസന്ധിയിലായത്.
ഒരു ലിറ്ററിന്റെ കുപ്പിയാണ് ഇവിടേക്ക് വേണ്ടത്. ഓരോ ദിവസവും ഒരുലക്ഷം ലിറ്റർ മദ്യം ഉൽപാദിപ്പിക്കുന്നതിനാൽ ഒരുലക്ഷം കുപ്പികളും വേണം. ഒരു ലിറ്റർ കുപ്പിയുടെ വിതരണത്തിലുള്ള എജൻസിയുമായി 2027ഏപ്രിൽ വരെ കരാറുണ്ട്. പുതിയ കരാറിനായി ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് സർക്കാരിനെ സമീപിച്ചതും പ്രതിസന്ധി പരിഹരിക്കാൻ വഴിയൊരുങ്ങി.
ഉൽപ്പാദനം നിലച്ചത് 12 ദിവസം,
കുപ്പി പ്രശ്നം പരിഹരിച്ചു,
ഒരു ദിവസം വേണ്ടത് ഒരു ലക്ഷം കുപ്പികൾ
78 കോടി നഷ്ടം
പ്രതിദിനം ഒരുലക്ഷം ലിറ്റർ മദ്യമാണ് ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്. ഒരുലിറ്റർ ജവാൻ മദ്യത്തിന്റെ വില 650 രൂപയാണ്. പ്രതിദിനം 6.5കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. 12 ദിവസത്തെ വരുമാന നഷ്ടം 78 കോടി രൂപവരും. 56 സ്ഥിരം തൊഴിലാളികളും 150 കുടുംബശ്രീ താത്കാലിക തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. ഇതുകൂടാതെ 14 ചുമട്ടു തൊഴിലാളികളുമുണ്ട്. മദ്യത്തിന്റെ ഉൽപാദനം നിലച്ചത് തൊഴിലാളി കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കി.
മദ്യ നിർമ്മാണം ഇന്നുമുതൽ ഭാഗികമായി തുടങ്ങും. രണ്ടു ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും. അടുത്താഴ്ചയോടെ പൂർണതോതിൽ ഉൽപ്പാദനം പുനരാരംഭിക്കാൻ സാധിക്കും.
(ടി.എസ്.സി.എൽ അധികൃതർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |