ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന കൊഴുവല്ലൂർ സിന്തറ്റിക് ടർഫ് കോർട്ടിന്റെ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു. സജി ചെറിയാൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 2024–25 സാമ്പത്തിക വർഷത്തെ സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 2.14 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 84.70 ലക്ഷം രൂപ ചെലവഴിച്ച് കൺവെർജ് സ്പോർട്സ് ഇൻഫ്ര കമ്പനിയുടെ നേതൃത്വത്തിൽ 95 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചു.45 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള സിന്തറ്റിക് ടർഫ്, ഗ്രൗണ്ടിന്റെ കിഴക്കുഭാഗത്തെ ആർ.ആർ. റിട്ടേണിംഗ് വാൾ, ടർഫിന്റെ ഇരുവശങ്ങളിലുമുള്ള ഡ്രൈനേജ് സംവിധാനം എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഗ്രൗണ്ടിന്റെ വടക്കുഭാഗത്തെ റിട്ടേണിംഗ് വാളിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ സമാപിക്കും. രണ്ടാംഘട്ട നിർമ്മാണത്തിനായി 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രൈം ടെക് എൻജിനീയറിംഗ് കമ്പനിക്കാണ് രണ്ടാംഘട്ട പ്രവൃത്തികളുടെ നിർമാണ ചുമതല. ഡ്രൈനേജ് സംവിധാനം, വടക്കുഭാഗത്തെ റിട്ടേണിംഗ് വാൾ, ടർഫിന്റെ നീളം 12.5 മീറ്റർ കൂടി വർദ്ധിപ്പിക്കൽ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുക. ഇതോടെ ടർഫിന്റെ ആകെ നീളം 57 മീറ്ററാകും. ടർഫിന് ചുറ്റും ഒൻപത് മീറ്റർ ഉയരത്തിൽ ഫെൻസിംഗ് സ്ഥാപിക്കും. കൂടാതെ 12 മീറ്റർ ഉയരമുള്ള നാല് പോളുകളിലായി 30 എണ്ണം 200 വാട്ട് ശേഷിയുള്ള ഫ്‌ളഡ് ലൈറ്റുകളും ടർഫിലേക്കുള്ള പ്രവേശന ഭാഗത്ത് ആറ് തെരുവ് വിളക്കുകളും സ്ഥാപിക്കും.
..............................................
ചെങ്ങന്നൂരിലെയും മുളക്കുഴയിലെയും സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ചെങ്ങന്നൂർ ശ്രദ്ധേയ സ്ഥാനത്തെത്തും.
രാജേഷ് മുളക്കുഴ
(സ്ഥലവാസി)
........................
ആദ്യഘട്ടത്തിൽ 84.70 ലക്ഷം
രണ്ടാം ഘട്ടം 1.30 കോടി
45 മീറ്റർ നീളം, 25 മീറ്റർ വീതി (സിന്തറ്റിക് ടർഫ്)
.......................................
ടോയ്ലറ്റ് ബ്ലോക്ക്, രണ്ട് ഷോപ്പ് മുറികൾ, കളിമൺ ഉപയോഗിച്ച് നിർമ്മിക്കുന്ന വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
(സജി ചെറിയാൻ എം.എൽ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |