ഇലവുംതിട്ട : മെഴുവേലി സ്വദേശിയായ യുവാവിനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ച് കേസിൽ നാലുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി പ്ലാംതോട്ടം കല്ലൻ മോഡി മനോജ് ഭവനത്തിൽ മനു തങ്കപ്പൻ (30), ഇയാളുടെ സഹോദരൻ മാരായ താരേഷ് തങ്കപ്പൻ (32), മനോജ് തങ്കപ്പൻ (25), മെഴുവേലി പ്ലാംതോട്ടം കൈപ്പുഴ നോർത്ത് പുത്തൻവീട്ടിൽ അനീഷ് കുമാർ.എസ് (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മെഴുവേലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളും ആക്രമണത്തിനിരയായ യുവാവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള സംഘർഷത്തിന് കാരണം. പ്രതികൾ യുവാവിന്റെ വീട്ടിൽ കൂട്ടിൽ ഇട്ടുവളർത്തിയിരുന്ന പട്ടികളെ ഉപദ്രവിക്കുകയും വീട്ടുമുറ്റത്ത് കിടന്ന കാറിന് കേടുവരുത്തുകയും ചെയ്തു.
ഇലവുംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരിമിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ്, ധനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ ധീരജ്, ശരത് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ എല്ലാവരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |