ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ റോഡിന്റെ തിട്ട ഇടിഞ്ഞത് ക്ഷേത്രത്തിന്റെ ചുറ്റുമതിലിനും സമീപത്തെ വീടുകൾക്കും ഭീഷണിയാകുന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയോട് ചേർന്നുള്ള റോഡിന്റെ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. വർഷങ്ങളായി തകർന്നുകിടന്നിരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അടുത്തിടെയാണ് ആരംഭിച്ചത്. റോഡിന്റെ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിനായി നീക്കം ചെയ്ത മണ്ണിനൊപ്പം റോഡിന്റെ കൂടുതൽ ഭാഗവും ഇടിഞ്ഞുവീഴുകയായിരുന്നു. നിലവിൽ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന ഭാഗംവരെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. റോഡിന്റെ പഴയ കോൺക്രീറ്റ് ഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കിഴക്കുഭാഗത്തെ റോഡിന്റെ തിട്ട പൂർണമായും ഇടിഞ്ഞ് സമീപത്തെ വീടുകൾക്ക് ഭീഷണിയായതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നാട്ടുകാർ ദേവസ്വം ബോർഡിനും പൊതുമരാമത്ത് വകുപ്പിനും നിരവധി പരാതികൾ നൽകിയിരുന്നു. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കാൽനടയായി ആളുകൾ ഇതുവഴി പോകുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ശക്തമായ മഴയും തുടർച്ചയായി പെയ്യുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. പടിഞ്ഞാറേ നട, ഗുരുചെങ്ങന്നൂർ റോഡ് എന്നിവിടങ്ങളിലേക്കും അവിടെനിന്ന് എം.സി. റോഡിലേക്കും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്കും വേഗത്തിൽ എത്താൻ ഈ റോഡ് സഹായകരമാണ്. മണ്ഡലകാലം ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
....................................................
“വർഷങ്ങളായി തകർന്നുകിടന്നിരുന്ന റോഡിന്റെ നവീകരണം അടുത്തിടെയാണ് ആരംഭിച്ചത്. എന്നാൽ തുടർച്ചയായ മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം
ഗോപകുമാർ
(പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |