
പത്തനംതിട്ട : കഴിഞ്ഞമാസമുണ്ടായ മിന്നൽ പ്രളയത്തിൽ കാർഷിവിളകൾക്കുണ്ടായ നാശനഷ്ടത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ജില്ലയിൽ ലഭിച്ചില്ല. 427 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചിരുന്നു. ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷി ഭാഗികമായി നശിച്ചു.
സർക്കാർ നിർദ്ദേശ പ്രകാരം കൃഷി വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ നാശനഷ്ട കണക്ക് തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒരു രൂപ പോലും നഷ്പപരിഹാരം ആർക്കും കിട്ടിയിട്ടില്ല. ഓണവിപണി ലക്ഷ്യമിട്ട് പണം പലിശയ്ക്കെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇതിൽ ഏറെയും. സർക്കാർ സഹായം ലഭിക്കാതെ തുടർ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ധനസഹായം തേടി ഓരോ ദിവസവും കൃഷി ഓഫീസുകളിൽ കയറിയിറങ്ങുന്ന കർഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നഷ്ട പരിഹാരം ലഭിക്കുകയെന്ന് കൃഷി ഓഫീസ് അധികൃതർ കർഷകരോട് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് വാക്കുതർക്കങ്ങളിലാണ് കലാശിക്കുന്നത്. സർക്കാർ സഹായം ഇനിയും വൈകിയാൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
മിന്നൽ പ്രളയത്തിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞ് ഒഴുകിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെയും തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും കൃഷി വ്യാപകമായി നശിച്ചത്.
ഇൻഷ്വർ ചെയ്തത് 8017 പേർ
കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 8017 കർഷകർക്ക് കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വിള ഇൻഷ്വർ ചെയ്യാത്ത കർഷകർ വേറെയുമുണ്ട്. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയിലെ 33 കൃഷി ഭവനുകളുടെ പരിധിയിൽ കൃഷി നാശം സംഭവിച്ചിരുന്നു.ഓണവിപണി ലക്ഷ്യമിട്ട് കർഷകർ നട്ടുവളർത്തിയ ഏത്തവാഴകളും കിഴങ്ങ് , പച്ചക്കറി കൃഷികൾ ഒലിച്ചുപോവുകയും വെള്ളം കെട്ടിക്കിടന്ന് അളിഞ്ഞുപോവുകയും ചെയ്തു. ജില്ലയിലെ റാന്നി, കോഴഞ്ചേരി, കോന്നി, തിരുവല്ല താലൂക്കുകളാണ് കൃഷി നാശം ഏറെയും . പ്രളയക്കെടുതിയിൽ കൃഷിയും ജീവിതോപാധിയും നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ ധനസഹായം യുദ്ധകാല അടിസ്ഥാനത്തിൽ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരം കൃഷി നശിച്ച കർഷകരുടെ എണ്ണം
വാഴ : 3543
തെങ്ങ് :428
റബർ : 279
കുരുമുളക് : 208
ജാതി : 200
കിഴങ്ങു വർഗങ്ങൾ : 947
പഴ വർഗങ്ങൾ : 74
പച്ചക്കറി : 953
നെല്ല് : 7
ഇഞ്ചി : 359
മഞ്ഞൾ : 97
കരിമ്പ് : 11
വെറ്റില : 73
കപ്പ : 761
കാപ്പി : 10
കമുക് : 51
കൊക്കോ : 14
കൈതച്ചക്ക : 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |