ശബരിമല: സന്നിധാനം ഗവ.ആശുപത്രിയുടെ പ്രവർത്തനം നിറുത്തിവച്ചത് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ തങ്ങുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും ദുരിതമാകുന്നു. നിലവിൽ 700ലധികം തൊഴിലാളികളാണ് സന്നിധാനത്ത് വിവിധ ഇടങ്ങളിലായി ജോലിനോക്കുന്നത്. മിക്ക തൊഴിലാളികളും പനി ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലാണ്. ഇതിനൊപ്പം ജീവിത ശൈലീ രോഗങ്ങളുള്ളവരും ഉണ്ട്. ഇവർക്കെല്ലാം ഡോക്ടറുടെ സേവനമോ മരുന്നോ ആവശ്യമായി വന്നാൽ പമ്പാ ആശുപത്രിയിലെത്തണം. ഇവിടെ ഡോക്ടറുണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരേയും ഗുരുതര രോഗമുള്ളവരേയും കോന്നി മെഡിക്കൽ കോളേജിലോ പത്തനംതിട്ട ജനറൽ ആശുപത്രി, എരുമേലി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്രുകയാണ് ചെയ്യുന്നത്. തീർത്ഥാടനത്തിന് മുന്നോടിയായി അരവണ പ്രസാദത്തിന്റെ സ്റ്റോക്ക് നിർമ്മാണം ആരംഭിച്ചതിനാൽ അരവണ പ്ലാന്റ്, സ്റ്റോർ, ഗോഡൗൺ, ബോയിലർ എന്നിവിടങ്ങളിൽ മാത്രം 250ലധികം ആളുകളുണ്ട്. ഇതുകൂടാതെ മരാമത്ത് ജോലികൾക്കായി എത്തിയവരും ട്രാക്ടർ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ ഉൾപ്പെടെ സന്നിധാനത്തിന് വിവിധ ഭാഗങ്ങളിലുമായി നിരവധി പേർ ജോലിക്കായുണ്ട്.കഴിഞ്ഞ ദിവസം അസുഖ ബാധിതനായ തൊഴിലാളിയെ പമ്പയിലെത്തിക്കുകയും ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രി സേവനം ലഭിച്ചില്ലെങ്കിൽ കൂടുതൽ തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങും. ഇത് തീർത്ഥാടന മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ബഥൽ സംവിധാനം ഒരുക്കിയില്ല
മുൻ വർഷങ്ങളിൽ തുലാമാസ പൂജകൾക്കായി നടതുറക്കുന്ന ദിനം മുതൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീടത് തീർത്ഥാടന കാലം പൂർത്തിയാക്കിയ ശേഷമാണ് അടച്ചിരുന്നത്. ഇക്കുറി തുലാമാസ പൂജകൾക്കുശേഷം നിറുത്തിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഡോക്ടർ ഉൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ബഥൽ സംവിധാനം ഒരുക്കാതെയാണ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതാണ് സന്നിധാനത്ത് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
..................................................................
തൊഴിലാളികൾ ദുരിതത്തിൽ
..................................................................
തുലാമാസ പൂജയ്ക്കുശേഷം ഡോക്ടറുൾപ്പടെ ജീവനക്കാർ തുടരണമെന്ന് നിർദ്ദേശം വന്നിരുന്നു. എന്നാൽ അശുപത്രിക്കുള്ളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ചികിത്സ ലഭ്യമാക്കാൻ കഴിയില്ല. നിർമ്മാണം പൂർത്തിയാക്കി നവംബർ ഒന്നു മുതൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കും.
(ആരോഗ്യ വകുപ്പ് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |