
പത്തനംതിട്ട: ശബരിമല റോപ് വേ നിർമ്മാണത്തിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരംനൽകാൻ കൊല്ലം ജില്ലയിലെ പത്തനാപുരം പിറവന്തൂർ വലിയപച്ച സെറ്റിൽമെന്റിൽ വീണ്ടും ഭൂമി കണ്ടെത്തി. കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിൽ കണ്ടെത്തിയ 4.5336 ഹെക്ടർ ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ റോപ് വേ പദ്ധതി അനിശ്ചിതത്വത്തിലായത് കഴിഞ്ഞ 21ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റവന്യു വകുപ്പ് പുതിയ ഭൂമി കണ്ടെത്തിയത്.
മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായ വലിയപച്ച സെറ്റിൽമെന്റിൽ നിന്ന് നവകിരണം പുനരധിവാസപദ്ധതി പ്രകാരം ജനങ്ങളെ മാറ്റിപാർപ്പിച്ച ശേഷമാണ് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കട്ടിളപ്പാറയിലും ഈ പദ്ധതി പ്രകാരമാണ് ഭൂമി ഏറ്റെടുത്തിരുന്നതെങ്കിലും ഭൂമി ഡി സർവേ ചെയ്യാതിരുന്നത് തടസമാകുകയായിരുന്നു. ഇത് നാലാംതവണയാണ് റോപ് വേ പദ്ധതിക്കായി റവന്യു വകുപ്പ് പകരംഭൂമി കണ്ടെത്തുന്നത്.
സന്നിധാനത്തേക്ക് പമ്പയിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നത് ട്രാക്ടറിലാണ്. തീർത്ഥാടകർക്കിടയിലൂടെ അപകടകരമായി കുത്തുകയറ്റിറക്കങ്ങൾ താണ്ടിയാണ് ട്രാക്ടർ സന്നിധാനത്തേക്കും തിരിച്ചും സാധനങ്ങളുമായി നീങ്ങുന്നത്. ഇത് പരിസ്ഥിതി - ശബ്ദമലിനീകരണത്തിനും വന്യജീവീകളുടെ സ്വൈര്യവിഹാരത്തിന് തടസമാകാനും കാരണമാകുന്നു. ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായാണ് ദേവസ്വം ബോർഡ് റോപ് വേ പദ്ധതിക്ക് രൂപംനൽകിയത്.
പിന്നിട്ടത് 15 വർഷം
2011ൽ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും 2015ലാണ് കരാർ കമ്പനിയുമായി ദേവസ്വം ബോർഡ് ഒപ്പുവച്ചത്. 2023 മേയിൽ സർവേ പൂർത്തിയാക്കി. റോപ് വേയ്ക്കായുളള വനഭൂമിക്ക് പകരം ഭൂമി നൽകണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു. ആദ്യം ഇടുക്കി കഞ്ഞിക്കുഴിയിലും ചിന്നക്കനാൽ താവളത്തിൽ സിമന്റ് പാലം ഭാഗത്തും കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലും ഭൂമി കണ്ടെത്തിയെങ്കിലും വിവിധ കാരണങ്ങളാൽ ഇത് പകരം ഭൂമിയായി വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല.
റോപ് വേ
പമ്പാ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച്
മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗം വരെ
ഉയരം: 40 മുതൽ 70 മീറ്റർ
നീളം : 2.7 കിലോ മിറ്റർ
റോപ് കടന്നു പോകുന്ന സ്റ്റീൽ ടവറുകൾ : 5
പ്രതീക്ഷിക്കുന്ന ചെലവ് : 150 മുതൽ 180 കോടി രൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |