SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് മോചനം, കിസുമം സ്കൂളിന് ഒരു കോടി

dd
ജൂലായിൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച കിസുമം സ്കൂളിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച വാർത്ത

പത്തനംതിട്ട : പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലെ തകരഷീറ്റിന് കീഴിലുള്ള പഠനത്തിൽ നിന്ന് പെരുനാട് പഞ്ചായത്തിലെ കിസുമം സ്കൂൾ വിദ്യാർത്ഥികൾ മോചിതരാകുന്നു. പഴകുളം മധു എം.എൽ.എയുടെ ഫണ്ടിൽ നിന്ന് സ്‌കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. 20 സെന്റ് സ്ഥലം വാങ്ങിത്തരുമെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉറപ്പ് നൽകിയിട്ടുമുണ്ട്. സ്ഥലം വാങ്ങാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ ജൂലായിൽ സ്കൂളിന്റെ ശോചനീയാവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ആദിവാസി - പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികളുടെ ആശ്രയമാണ് കിസുമം സ്കൂൾ. വെയിലാകുമ്പോൾ തകര ഷീറ്റ് ചൂടായി ക്ലാസിലിരിക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. മഴ പെയ്താൽ വലിയ ശബ്ദവുമാണ്. സുരക്ഷിതമായ അടച്ചുറപ്പ് പോലുമില്ലാത്ത കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. യു.പി - ഹൈസ്‌കൂൾ കെട്ടിടമാണ് ഏറെ ശോചനീയം.

നൂറു ശതമാനം വിജയം

പ്രാരാബ്ദങ്ങളുടെ നടുവിലും കഴിഞ്ഞ 15 വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം കിസുമം സ്കൂളിന് മാത്രം അവകാശപ്പെട്ടതാണ്. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ 182 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നു. പാറക്കല്ല്‌ കൊണ്ടുണ്ടാക്കിയ കെട്ടിടമാണിത്. സ്‌കൂളിലെ ഓഫീസ് റൂമും ലൈബ്രറിയും ഈ കെട്ടിടത്തിലാണ്.

ആകെ വിദ്യാർത്ഥികളുടെ എണ്ണം : 182

അദ്ധ്യാപകരുടെ എണ്ണം : 22

സ്ഥലം വാങ്ങുന്ന കാര്യം വേഗത്തിലാക്കാനുള്ള ശ്രമം നടക്കുന്നു. പിന്നാക്കക്കാരായ നിരവധി വിദ്യാർത്ഥികൾക്ക് വലിയൊരു ആശ്രയമാണ് സ്കൂൾ.

വിജേഷ്.വി
പ്രിൻസിപ്പൽ കിസുമം സ്കൂൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL