SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സ്കൂൾ കായിക മേള: പതിവുതെറ്റാതെ പതിനാലാമത് മതിയോ ഇങ്ങനെ...?​ ജില്ലാ പഞ്ചായത്തിനും താൽപ്പര്യമില്ലെന്ന് ആക്ഷേപം

sports-
സ്കൂൾ കായിക മേള

പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായിക മേളയിൽ ജില്ലയുടെ സ്ഥിതി മോശം. ഇക്കൊല്ലവും പതിനാലാമതാണ്. സ്കൂളുകളിൽ കായിക മേഖലയു‌ടെ വികസനത്തിന് പണം മുടക്കി കുട്ടികൾക്ക് പരിശീലനവും കായിക ഉപകരണങ്ങളും ഭക്ഷണവും നൽകേണ്ട ജില്ലാ പഞ്ചായത്ത് അങ്ങനെ പോകട്ടെ എന്ന സമീപനമാണ് സ്വീകരിക്കുന്നത്. നാല് സ്വർണവും 14 വെള്ളിയും 13വെങ്കലവുമായി 110പോയിന്റാണ് ജില്ലയ്ക്കുളളത്. ഒന്നാം സ്ഥാനത്തുളള തിരുവനന്തപുരം ജില്ലയ്ക്ക് 227 സ്വർണം ഉൾപ്പെടെ 2012 പോയിന്റുണ്ട്. 2017ന് ശേഷം ആദ്യമായാണ് ജില്ലയ്ക്ക് അത്ലറ്റിക്സിൽ സ്വർണം നേടാനായത്. മികച്ച കായിക പരിശീന കേന്ദ്രങ്ങളും സ്പോർട്സ് ഹോസ്റ്റലുകളുമില്ലാത്തതാണ് ജില്ലയുടെ ദുരവസ്ഥയ്ക്ക് കാരണം. കായിക ഇനങ്ങളിൽ മത്സരിക്കാൻ താൽപ്പര്യവും ശാരീരിക ശേഷിയുമുള്ള കുട്ടികൾ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ സ്കൂളുകൾക്ക് കഴിയുന്നില്ല. ജില്ലയിൽ രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് ജില്ലാ സ്റ്റേഡിയത്തിൽ തയാറാകുന്നുണ്ട്. ആദ്യത്തെ കൊടുമൺ സ്റ്റേഡിയം വേണ്ടത്ര പരിചരണം ഇല്ലാതെ നശിക്കുന്നു. കായിക മേളയിൽ സ്ഥിരമായി പങ്കെടുക്കുന്ന അൻപതിലേറെ സർക്കാർ സ്കൂളുകളിൽ ചിറ്റാർ, കോന്നി, കലഞ്ഞൂർ, വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ സ്കൂളുകളിൽ മാത്രമാണ് കായിക അദ്ധ്യാപകരുള്ളത്. നൂറിലേറെ സ്വകാര്യ സ്കൂളുകളിൽ ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളും കുറിയന്നൂർ മാർത്തോമ സ്കൂളുമാണ് കായിക മേഖലയ്ക്കും പ്രാധാന്യം നൽകിവരുന്നത്. ജില്ലയിൽ ഒരു ഹൈജമ്പ് ബെഡ് മാത്രമാണുള്ളത്. നാല് വർഷം മുൻപ് വാങ്ങിയ മൂന്ന് അടുക്കുകളുള്ള ബെഡ് മൂന്ന് സ്കൂളുകൾ ഉപയോഗിക്കുന്നു.

കണ്ടു പഠിക്കണം മറ്റ് ജില്ലക്കാരെ

അധികൃതരുടെ അവഗണന കാര‌ണം, കായിക ഇനത്തിൽ താൽപ്പര്യമുള്ളള ശാരീരിക ക്ഷമതയുള്ള കുട്ടികളിൽ ചിലരെ മറ്റു ജില്ലക്കാർ ഏറ്റെടുക്കാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും മറ്റ് കാരണങ്ങളാലും ചില രക്ഷിതാക്കൾ കുട്ടികളെ മറ്റു ജില്ലകളിലേക്ക് വി‌ടാൻ മടിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരിയിൽ മറ്റു ജില്ലകളിലെ സ്പോർട്സ് അക്കാഡമികളിലേക്കും ഹോസ്റ്റലുകളിലേക്കും സ്കൂളുകളിലേക്കും സെലക്ഷൻ ട്രയൽ നടക്കാറുണ്ട്. ജില്ലയിൽ ഇതു നടക്കുന്നില്ല. ജില്ലയിൽ ഉണ്ടായിരുന്ന രണ്ടു സ്പോർട്സ് ഹോസ്റ്റലുകളും പൂട്ടി. തിരുവല്ല പബ്ളിക് സ്റ്റേഡിയം നാശത്തിന്റെ വക്കിലായപ്പോൾ കുട്ടികളെ പത്തനംതിട്ട വെട്ടിപ്രം സ്പോർട്സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. പിന്നീട് അതും പൂട്ടി.

@ നമുക്ക് വേണ്ടത്

1. സ്പോർട്സ് അക്കാഡമികൾ സ്ഥാപിക്കണം.

2. കൊടമണ്ണിലെയും ജില്ലാ സ്റ്റേഡിയത്തിലെയും സിന്തറ്റിക് ട്രാക്കും ഗ്രൗണ്ട് കുട്ടികൾക്ക് പരിശീലനത്തിന് വിട്ടു നൽകണം.

3. മറ്റ് ജില്ലകളിലെപ്പോലെ സ്പോർട്സ് സെലക്ഷൻ ട്രയൽസ് ഫെബ്രുവരിയിൽ നടത്തണം.

4. പരിശീലനത്തിനൊപ്പം കായിക ഉപകരണങ്ങൾ, ഭക്ഷണം, ജേഴ്സി എന്നിവ നൽകണം.

5. ചെലവിന് ജില്ലാ പഞ്ചായത്ത്, സ്കൂൾ പൂർവ വിദ്യാർത്ഥികൾ, പി.ടി.എ എന്നീ കേന്ദ്രങ്ങളിൽ നിന്ന് പണം ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL