
തിരുവനന്തപുരം: പൊലീസിനുനേരെ ആക്രമണം, ഉന്തും തള്ളും. ഒടുവിൽ സ്വയരക്ഷാർത്ഥം സിനിമാസ്റ്റൈലിൽ ആകാശത്തേക്ക് പൊലീസിന്റെ വെടിവയ്പ്. വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബി.ജെ.പി കൗൺസിലറെ പൊലീസ് പിടികൂടിയത് സാഹസികമായി. വാഴോട്ടുകോണം കൗൺസിലർ സുഗതനാണ് പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി അറസ്റ്രിലായത്. പിടികൂടാനെത്തിയ സംഘത്തിനുനേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെയാണ് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തത്.
ഇന്നലെ രാത്രി 11ഓടെയാണ് തലസ്ഥാനത്തെ ഞെട്ടിക്കുന്ന സംഭവം. മാർച്ച് 22ന് വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുഗതനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഒരു മാസത്തിലധികമായി ഒളിവിലായിരുന്ന ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. കാപ്പാക്കേസിലും സുഗതൻ പ്രതിയാണ്. 7ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.
സുഗതൻ വീട്ടിലെത്തിയെന്ന് രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ഇവിടേക്കെത്തിയ ബി.ജെ.പി പ്രവർത്തകർ സുഗതനെ കൊണ്ടുപോകാതിരിക്കാൻ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് വെടിവച്ചത്. ഇവർ പിന്തിരിഞ്ഞതിന് ശേഷമാണ് സുഗതനെ അറസ്റ്റ്ചെയ്ത് വട്ടിയൂർക്കാവ് സ്റ്റേഷനിലെത്തിച്ചത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിക്കാൻ ശ്രമിച്ചതിനും മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. പ്രതിയെ ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. വട്ടിയൂർക്കാവ് സ്റ്റേഷനിലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ഇയാളെ ഇങ്ങോട്ടേക്ക് മാറ്റിയത്.
വധശ്രമക്കേസ് പ്രതിയായ കൗൺസിലറെ പിടികൂടാൻ വൈകുന്നതിനെതിരെ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുഗതനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതിലും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.
'തനിക്ക് ചിക്കൻപോക്സ്'
തനിക്ക് ചിക്കൻ പോക്സ് ആയതിനാൽ വീട്ടിൽ ചികിത്സയിലായിരുന്നെന്നും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സ്വീകരിച്ചിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുഗതൻ പറഞ്ഞു. രാത്രി 12ഓടെ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടിൽ ഇടിച്ചുകയറിയെത്തിയ പൊലീസ്, തന്റെ കുഞ്ഞിനേയും ഭാര്യയെയും മർദ്ദിക്കുകയും വീടിന് മുന്നിൽ വെടിവയ്‌ക്കുകയും ചെയ്‌തെന്ന് സുഗതൻ പറഞ്ഞു.
കന്റോൺമെന്റ് സ്‌റ്റേഷനിലും സംഘർഷാവസ്ഥ
കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ചപ്പോൾ പൊലീസുകാരോട് സുഗതൻ കയർത്തു സംസാരിച്ചു. പൊലീസ് അനുമതിയില്ലാതെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാരോട് 'നിങ്ങൾക്ക് അങ്ങനെ തള്ളിമാറ്റാനാകില്ല"എന്ന് പറഞ്ഞാണ് തർക്കിച്ചത്. തന്നെ ജയിപ്പിച്ച വാഴോട്ടുകോണത്തെ നാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്‌തു. അറസ്റ്റ് വിവരമറിഞ്ഞ് ബി.ജെ.പി നേതാക്കളും കൗൺസിലർമാരും കന്റോൺമെന്റ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |