തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ(15) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. പ്രതി പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2023 ഓഗസ്റ്റ് 30ന് വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരനൊപ്പം സൈക്കിളിൽ കയറുമ്പോൾ ആദിശേഖറിനെ പ്രതി പ്രിയരഞ്ജൻ കാറുമായി കാത്തുനിന്നശേഷം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം, ആദിശേഖറിനോടൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരായ നീരജ്(അപ്പൂസ്),അച്ചു, അഭിജയ് (ഉണ്ണി) എന്നിവരെ കോടതിയിൽ വിസ്തരിച്ചു.
കളികഴിഞ്ഞ് ക്ലബ് റൂമിൽ ഫുട്ബോൾ വച്ച് തിരികെ വന്ന് സൈക്കിളിൽ കയറുമ്പോഴാണ് പ്രിയരഞ്ജൻ ആദിയെ കാർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയതെന്ന് നീരജ് മൊഴി നൽകി. വലിയ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ പ്രിയരഞ്ജൻ ആദിയുടെ പുറത്തുകൂടെ കാറ് കയറ്റിയിറക്കിയശേഷം കാറിൽനിന്ന് പുറത്തിറങ്ങുന്നത് കണ്ടെന്നും അച്ചുവും അഭിജയും കോടതിയിൽ മൊഴി നൽകി. രക്തത്തിൽ കുളിച്ചുകിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ചുവും തളംകെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞെന്ന് അഭിഷേകും കോടതിയെ അറിയിച്ചു.
സാക്ഷികൾ പ്രതി പ്രിയരഞ്ജനെ തിരിച്ചറിഞ്ഞു. ആദിശേഖർ കയറിയ സൈക്കിളും പ്രതിയുടെ മഹീന്ദ്ര എക്സ്.യു.വി ഇലക്ട്രിക് കാറും കോടതിയിൽ ഹാജരാക്കി. പൂവച്ചൽ സ്വദേശികളായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശങ്കർ.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ, അഡ്വ. ടോണി.ജെ.സാം എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |