
കിളിമാനൂർ: വെള്ളച്ചാട്ടത്തിന് പുറമെ മീൻമുട്ടിയിൽ കാഴ്ചയ്ക്ക് വിരുന്നൊരുക്കി വേഴാമ്പലുകളും. തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തികളിൽ കുമ്മിൾ പഴയകുന്നുമ്മൽ പഞ്ചായത്തുകളിലായാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നിത്യേന നൂറുകണക്കിനാളുകളാണ് വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. വേനലിന്റെ ആരംഭത്തോടെ വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് കുറഞ്ഞത് സഞ്ചാരികൾക്ക് വിഷമമുണ്ടാക്കുമ്പോഴാണ് കൂട്ടത്തോടെ വേഴാമ്പലുകൾ എത്തിയത്. വെള്ളച്ചാട്ടത്തിനോടു ചേർന്ന് നിൽക്കുന്ന കൂറ്റൻ ആൽമരത്തിലെ കായ്കൾ പഴുത്തതോടെയാണ് ഇത്തവണ പത്തോളം വേഴാമ്പലുകൾ വിരുന്നുവന്നത്. മയിൽ ഉൾപ്പെടെ പലതരത്തിലുള്ള പക്ഷികൾ വരാറുണ്ടെങ്കിലും ഇതാദ്യമായാണ് വേഴാമ്പലെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഏതായാലും വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് ആൽമരക്കൊമ്പിൽ ചാടിക്കളിച്ചും കൊക്കുരുമ്മിയും ചിറകിട്ടടിച്ചും പാറിക്കളിക്കുന്ന വേഴാമ്പലുകൾ ഒരു നയനവിരുന്നുതന്നെ ഒരുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |