കല്ലറ: മലയോര മേഖലകളിൽ റബർ കഴിഞ്ഞാൽ പിന്നെ കൂടുതൽ കൃഷി ചെയ്യുന്നത് കുരുമുളകാണ്. റബറിന് വില ഇടിഞ്ഞപ്പോൾ ചിലർ റബർ മരങ്ങൾ വെട്ടിമാറ്റി കുരുകുളക് കൃഷി വരെ തുടങ്ങി. എന്നാലിപ്പോൾ കുരുമുളക് കൃഷിയും നഷ്ടക്കച്ചവടമാണെന്നാണ് കർഷകർ പറയുന്നത്. മലയോര മേഖലയിൽ കുരുമുളക് വിളവെടുപ്പ് തുടങ്ങിയെങ്കിലും കർഷകർക്ക് മനംതകർന്ന അവസ്ഥയാണ്. ഇത്തവണ ഉത്പാദനം പകുതിയോളം കുറഞ്ഞു. ഒരു ചെടിയിൽ നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്പോൾ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായെന്ന് കർഷകർ പറയുന്നു. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നത് തിരിച്ചടിയായി.
ഉത്പാദനം കുറഞ്ഞു
ചെടികളിൽ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞവർഷം കുരുമുളക് തിരിയിടുന്ന സമയത്ത് മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തെ ബാധിച്ചു. തുടർച്ചയായ വർഷങ്ങളിൽ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഉത്പാദനം കുറയുന്നത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
തിരിച്ചടിയായി കൂലിവർദ്ധന
ഉത്പാദനക്കുറവിന് പുറമെ കൂലി കൂടിയതും തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞവർഷം കർഷകർക്ക് 700 രൂപ കൂലിയായിരുന്നത് ഈ വർഷം 800 രൂപയായി. ആളെ കിട്ടാത്തതിനാൽ പങ്കിന് കുരുമുളക് പറിക്കാൻ കരാർ കൊടുക്കുകയാണ് ഒട്ടുമിക്കപേരും. ആകെ കിട്ടുന്നതിന്റെ പകുതി കർഷകനും പകുതി പണിക്കാരനുമാണ്. കാട്ടുപന്നിശല്യവും കർഷകർക്ക് തലവേദനയാകുന്നുണ്ട്. കുരുമുളക് ചെടിയുടെ ചുവടുകൾ കുത്തിമറിക്കുന്നതിനാൽ കാട്ടുപന്നികൾ ചെടി മുഴുവനായും നശിപ്പിക്കുന്ന സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |