SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ഭൂമി നൽകാൻ സർക്കാർ, റൺവേ സേഫാവും

air

തിരുവനന്തപുരം: റൺവേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിസ്തൃതമാക്കാൻ സർക്കാർ ചാക്കയിൽ 12ഏക്കർ ഭൂമി വിമാനത്താവള അതോറിട്ടിക്ക് കൈമാറും.റൺവേ സുരക്ഷിതമല്ലാത്തതിനാൽ കരിപ്പൂരിലേതുപോലെ വലിയ വിമാനങ്ങൾ വിലക്കുമെന്നും വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്നും ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) സർക്കാരിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കാണെങ്കിലും ഉടമസ്ഥരായ തങ്ങൾക്ക് ഭൂമി കൈമാറിയാൽ മതിയെന്ന് എയർപോർട്ട് അതോറിട്ടി ചെയർമാനും സർക്കാരിനോടാവശ്യപ്പെട്ടു. നേരത്തേ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കിയതാണെങ്കിലും അദാനിക്ക് നടത്തിപ്പ് കൈമാറിയതോടെ പിന്മാറുകയായിരുന്നു.

എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്. വർഷങ്ങളായി താത്കാലിക ലൈസൻസിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.ഇനി ഇങ്ങനെ തുടരാനാവില്ലെന്നും ലൈസൻസ് റദ്ദാക്കുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നൽകിയതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.വിമാനം ലാൻഡ് ചെയ്യുമ്പോഴുള്ള അപകടസാഹചര്യമൊഴിവാക്കാനാണ് ഈ നിബന്ധനകൾ.

ഭൂമിയേറ്റെടുത്ത് സർക്കാർ കൈമാറുക എയർപോർട്ട് അതോറിട്ടിക്കായിരിക്കും.ഇതിന്റെ വില വിമാനത്താവള നടത്തിപ്പുകാരായ അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകും. അതോറിട്ടിയാവും സർക്കാരിന് ഭൂമി വില നൽകുക. ബ്രഹ്മോസും ഫയർസ്റ്റേഷനുമടക്കം മാറ്റിസ്ഥാപിക്കാനും വലിയ ചെലവുണ്ടാവും. ഭൂമിക്കായി അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകുന്ന പണം, അദാനി നൽകുന്ന പാട്ടത്തുകയിൽ കുറവുചെയ്യും. ഓരോ യാത്രക്കാരനും 168രൂപ വീതം എയർപോർട്ട് അതോറിട്ടിക്ക് അദാനി നൽകണമെന്നാണ് പാട്ടവ്യവസ്ഥ. അദാനിയുടെ നടത്തിപ്പിലുള്ള ഗുവാഹത്തി വിമാനത്താവളത്തിലും റൺവേ സുരക്ഷിതമാക്കാൻ ഭൂമിയേറ്റെടുത്തത് ഈ വ്യവസ്ഥയിലാണ്.

ബേസിക് സ്ട്രിപ്പില്ല

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്നം.റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല.റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്.

ഏറ്റെടുക്കേണ്ടത്

റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ 22.448ഏക്കർ ഭൂമിയേറ്റെടുക്കണം. ഇതിൽ 9.262ഏക്കർ ശംഖുംമുഖത്തേക്കുള്ള റോഡിന്റെ ഭാഗമാണ്. ബ്രഹ്മോസിന്റെ 4.557, ഫയർഫോഴ്സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കർ വീതവും 4.205ഏക്കർ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. 3373മീറ്റർ നീളവും 60മീറ്റർ വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ.

കരിപ്പൂരിലെ അനുഭവം

റൺവേ സേഫ്‌ടി ഏരിയാ 90മീറ്ററിൽ നിന്ന് 240ആക്കാത്തതിനാൽ വലിയ വിമാനങ്ങൾ നാലുവർഷത്തിലേറെയായി കരിപ്പൂരിലിറങ്ങുന്നില്ല.

വലിയവിമാനങ്ങൾക്ക് നിരോധനമുണ്ടായാൽ വിദേശ വിമാനക്കമ്പനികളെല്ലാം സർവീസൊഴിവാക്കുന്നത് തിരിച്ചടിയാവും.

ഭൂമി ഏറ്റവും കുറവ്

തിരുവനന്തപുരത്ത്

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും വാണിജ്യസംരംഭങ്ങൾ നിർമ്മിക്കാനും തിരുവനന്തപുരത്ത് ഭൂമിയില്ല. നെടുമ്പാശേരിയിൽ -1300, കണ്ണൂരിൽ - 3200,ബംഗളൂരുവിൽ - 5200 ഏക്കർ വീതം ഭൂമിയുണ്ട്. വാണിജ്യാവശ്യത്തിനും ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL