SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

നാട് കൈയടക്കി വന്യമൃഗങ്ങൾ

പാലോട്: മലയോരമേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങൾ ഇന്ന് ജനങ്ങൾക്കും ഭീഷണിയാണ്. പകലും രാത്രിയും ഒരുപോലെ നാട് കൈയടക്കിയ കാട്ടുപോത്തും ആനയും കാട്ടുപന്നികളും കാരണം പേടിയോടെ യാത്രചെയ്യേണ്ട ഗതികേടിലാണ് മലയോരത്തെ ജനങ്ങൾ.

മനുഷ്യന് ഭീഷണിയായ വന്യമൃഗങ്ങളെ തുരത്താൻ സർക്കാരും വനംവകുപ്പും കൊണ്ടുവന്ന ആനക്കിടങ്ങും സോളാർ വേലിയും എല്ലാം പരാജയപ്പെട്ടു. തൊഴിലെടുക്കാനും കൃഷിയിറക്കാനും കഴിയാതെ പട്ടിണിയുടെ പടുകുഴിയിലാണ് ഇവിടുത്തെ കർഷകരും തൊഴിലാളികളും.

 വിളവെടുത്ത് വന്യമൃഗങ്ങൾ

പുലർച്ചെ ടാപ്പിംഗിന് പോയിരുന്ന തൊഴിലാളികൾ അല്പം വെട്ടംവീണാലേ ഇപ്പോൾ പുറത്തിറങ്ങാറുള്ളൂ. കാരണം റബർ തോട്ടം നിറയെ മുള്ളൻപന്നിയും കാട്ടുപന്നികളുമാണ്. നന്ദിയോട് പഞ്ചായത്തിലെ പുലിയൂരിൽ ഒരേക്കറോളം സ്ഥലത്ത് വച്ചുപിടിപ്പിച്ച റബർതൈകൾ മുള്ളൻപന്നികൾ പൂർണമായും നശിപ്പിച്ചു. സമീപത്തെ പുരയിടത്തിലെ മരച്ചീനി കൃഷി കാട്ടുപന്നികളും കൊണ്ടുപോയി. രാത്രികാലങ്ങളിൽ ഉറക്കമൊഴിഞ്ഞ് കാത്തുകിടന്നാൽപോലും ഇവയുടെ ശല്യം ഉറപ്പാണ്.

 ഭീതിയോടെ തൊഴിലാളികൾ

സന്ധ്യയായാൽ കൂട്ടത്തോടെയിറങ്ങുന്ന കാട്ടുപന്നികൾ കടന്നുപോകുന്നതുവരെ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ദൂരെ മാറിനിൽക്കും. റബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം ചവിട്ടിമെതിക്കും. ഞാറനീലി,ഇലഞ്ചിയം,പനങ്ങോട് ഭാഗങ്ങളിൽ വിദ്യാർത്ഥികൾ വരെ പന്നിയുടെ ആക്രമണത്തിൽ ഇരകളാകുന്നു.

 കുരങ്ങും പിന്നോട്ടല്ല

മറ്റ് മൃഗങ്ങൾ കൃഷിയിടത്തിൽ മേയുമ്പോൾ വാനരന്മാരുടെ ലക്ഷ്യം വീടിന് അകത്താണ്. പാകം ചെയ്ത ഭക്ഷണങ്ങൾ അകത്താക്കി പോകുംവഴി ബാക്കിയുള്ളവ തച്ചുടയ്ക്കും. തുണികൾ വലിച്ചുകീറും.

പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർ കോളനി,എക്സ് കോളനി,ചിപ്പൻചിറ ദേശം എന്നിവിടങ്ങളിൽ കുരങ്ങുകൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ചെറുതല്ല. ഇനി വീടിന് പുറത്തിറങ്ങിയാലോ തേങ്ങയോ പച്ചക്കറിയോ ഉണ്ടെങ്കിൽ അതും അകത്താക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL