
തിരുവനന്തപുരം: ഓടയിലൂടെ അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വെള്ളായണി കായലിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. ഇത് വെള്ളായണി കായലിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുകയും പ്രദേശവാസികളെ രോഗികളുമാക്കുന്നു.മാലിന്യം ഒഴുക്കിവിടുന്നത് പ്രദേശത്തെ പരിസ്ഥിതിയെയും കൃഷിയെയും നശിപ്പിക്കുന്നുവെന്നാരോപിച്ച് ജനങ്ങൾ സമരത്തിനൊരുങ്ങുകയാണ്. വെള്ളായണി,പൊന്നുമംഗലം,മേലാംകോട്,കാരയ്ക്കാമണ്ഡപം പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതിഷേധക്കൂട്ടായ്‌മ 'നാം ഒന്നിച്ച് നാടിന്റെ രക്ഷയ്ക്ക്" എന്ന ആഹ്വാനവുമായി വെള്ളായണി കാർഷിക പരിസ്ഥിതി സംരക്ഷണസമിതിക്ക് രൂപം നൽകി. ഇനിയും സംരക്ഷിച്ചില്ലെങ്കിൽ കായൽ പാർവതി പുത്തനാറാകുമെന്നും വെള്ളായണിയും പരിസരവും ഉപേക്ഷിച്ച് ഇവിടുത്തുകാർ ഓടിപ്പോകേണ്ട സ്ഥിതിവരുമെന്നും സമിതി ആരോപിച്ചു. പ്രകൃതി രമണീയമായ വെള്ളായണിയിൽ സിനിമാ ഷൂട്ടിംഗ് ഉൾപ്പെടെ നടന്നിരുന്നു. ഇന്നിപ്പോൾ ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.
മാലിന്യം നിറച്ച്
അറവുശാലകൾ
ഡസൻകണക്കിന് അറവുകേന്ദ്രങ്ങളാണ് കോർപ്പറേഷന്റെ യാതൊരുവിധ ലൈസൻസും കൂടാതെ ഇവിടെ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനോ സംസ്കരിക്കുന്നതിനോ സംവിധാനങ്ങളില്ല.അതുകൊണ്ടു തന്നെ സമീപത്തെ ഓടകൾ വഴി മാലിന്യം തുറന്നുവിട്ട് വലിയ കൈത്തോടിലേക്ക് ഒഴുക്കുന്നു.
കുടിവെള്ളം മുട്ടും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനാവശ്യമായ കുടിവെള്ളം ശേഖരിക്കുന്നത് വെള്ളായണിക്കായലിൽ നിന്നാണ്. കായൽ മലിനമാകുന്നതോടെ വിഴിഞ്ഞത്തേക്കുള്ള കുടിവെള്ളവും മുടങ്ങും.
നെൽക്കൃഷി
അന്യമാകുന്നു
മലിനജലത്താൽ തോടും കൈവഴിയും പാടശേഖരവുമെല്ലാം മുങ്ങിയതോടെ പാടത്തിറങ്ങാനോ,ഒരു വിധത്തിലുള്ള കൃഷി ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. തങ്ങളുടെ കാർഷികജീവിതം നിന്നുപോയേക്കുമെന്ന ആശങ്കയിലാണ് പൊന്നുമംഗലം പ്രദേശത്തെ കർഷകർ. ഒരു വാഴ പോലും നടാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രതിവിധി
അറവുശാലകൾക്ക് കോർപ്പറേഷൻ സംസ്കരണ സംവിധാനം ഒരുക്കുക
മാലിന്യം ഒഴുക്കുന്നവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയമാക്കുക
ക്യാപ്ഷൻ: വെള്ളായണി ജംഗ്ഷന് പിന്നിലൂടെയുള്ള തോട് അറവുമാലിന്യത്താൽ നിറംമാറി ഒഴുകുന്നു
3.തോട് വന്നവസാനിക്കുന്ന കന്നുകാലി ചാലിനടുത്തെ പ്രദേശം
4. കായലുമായി നേരിട്ട് ബന്ധമുള്ള കന്നുകാലിചാലിന്റെ കിരീടംപാലം പ്രദേശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |