SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും 1300 കോടിയുടെ ടെർമിനൽ: പരിസ്ഥിതി അനുമതി കാത്ത് അദാനി

airport

തിരുവനന്തപുരം: വിമാനത്താവളത്തിൽ 1300 കോടി ചെലവിൽ പുതിയ 'അനന്ത' ടെർമിനൽ നിർമ്മാണം ഏപ്രിലിൽ തുടങ്ങും. തത്വത്തിലുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിർമ്മാണം തുടങ്ങാനാവുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.പബ്ലിക് ഹിയറിംഗുകളടക്കം പൂർത്തിയാക്കി ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാൽ മതിയാവും. റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന റീകാർപ്പറ്റിംഗ് പ്രവൃത്തി മാർച്ച് 29ന് അവസാനിച്ചാലുടൻ ടെർമിനലിന്റെ പണി തുടങ്ങും. പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിന്റെ നവീകരണ ജോലികളും ഇതോടൊപ്പം നടക്കും.

വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് 'അനന്ത' ടെർമിനൽ അദാനി നിർമ്മിക്കുക. 1.2കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന ടെർമിനൽ പണിതീരാൻ 3വർഷമെടുക്കും.

രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ വരുന്നത്. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മൾട്ടി - ലെവൽ -ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. യാത്രക്കാർക്ക് കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ, കൊമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും. ടെർമിനലിന് മുന്നിൽ നിർമ്മിക്കുന്ന പഞ്ചനക്ഷത്രഹോട്ടലിൽ 240മുറികളുണ്ടാവും.

വികസനം 45വർഷം മുന്നിൽക്കണ്ട്

2070 വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസനം. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെർമിനലിൽ കാണാനാവും.

ഭാവിയിൽ തലസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന, പുതിയ എയർട്രാഫിക് കൺട്രോൾ അന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശനകവാടത്തിന് സമീപത്താവും നിർമ്മിക്കുക.

ടെർമിനലിനടുത്തെ പഞ്ചനക്ഷത്രഹോട്ടലിൽ പൈലറ്റ്, ക്രൂഅംഗങ്ങളെ താമസിപ്പിക്കാം. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാർക്കും താമസമൊരുക്കാം.

കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം - 49.17ലക്ഷമായിരുന്നു

2023ൽ 41.48ലക്ഷമായിരുന്നു. വർദ്ധന - 18.52 ശതമാനം. 2022ൽ 31.11ലക്ഷം യാത്രക്കാരായിരുന്നു.

ഭൂമിയേറ്റെടുക്കണ്ട

ടെർമിനൽ നിർമ്മാണത്തിന് പുതിയതായി ഭൂമിയേറ്റെടുക്കൽ ആവശ്യമില്ല.നിലവിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെർമിനൽ 18ലക്ഷം ചതുരശ്രയടിയാവും. പ്രതിവർഷം 32ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് 1.2കോടിയിലേക്ക് ഉയർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL