കൊച്ചി: സ്ത്രീകൾക്ക് പകുതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനുമൊക്കെ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ തട്ടിയത് 350 കോടി രൂപയിലേറെ. ഇതുപയോഗിച്ച് ഇടുക്കിയിലും കർണാടകയിലുമടക്കം ഏക്കറുകണക്കിന് സ്ഥലം ഇയാൾ വാങ്ങിക്കൂട്ടിയെന്ന് പൊലീസ്. കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
ഇയാളുടെ പേരിലുള്ള നിരവധി അക്കൗണ്ടുകളിലൂടെ കോടികൾ മറിഞ്ഞെന്നും പൊലീസ് കണ്ടെത്തി. വാങ്ങിക്കൂട്ടിയ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്ന് ഉന്നതപൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. പ്രതിയുടെ അക്കൗണ്ടിൽ നിലവിൽ 3.25 കോടി മാത്രമേയുള്ളൂ. ഇത് മരവിപ്പിച്ചു. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ്, സോഷ്യൽ ബീ വെഞ്ച്വേഴ്‌സ് സ്ഥാപനങ്ങളുടെ പേരിലാണ് ഈ അക്കൗണ്ടുകൾ. സ്വകാര്യ ബാങ്കിന്റെ എറണാകുളം ഇയ്യാട്ടുമുക്കിലെ ശാഖയിലാണ് ഇവ.
സംസ്ഥാനത്ത് 75ലേറെ ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് ആളുകളെ അംഗങ്ങളാക്കിയായിരുന്നു തട്ടിപ്പ്. സ്‌കൂട്ടറിന് പുറമെ സോളാർ പാനലുകൾ, ലാപ്‌ടോപ്പ്, രാസവളം എന്നിവയും പകുതി വിലയ്‌ക്ക് നൽകുമെന്നും വാഗ്ദാനം നൽകി. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ പ്രതിയുടെ വാടകഫ്ളാറ്റിൽ നിന്ന് രേഖകൾ കടത്തിയതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി
ആളുകളെ വീഴ്ത്തി
1,20,000 രൂപ വിലയുള്ള സ്‌കൂട്ടർ 60,000 രൂപയ്‌ക്ക് നൽകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ആളുകളെ വീഴ്‌ത്തിയത്. എഴുപതുപേരിൽ നിന്ന് പണം വാങ്ങുമ്പോൾ 30 പേർക്ക് സ്കൂട്ടർ നൽകും. ബാക്കി തുക ആർഭാട ജീവിതത്തിനാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴയിൽ
തട്ടിച്ചത് 15 കോടി
ആലപ്പുഴ: തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണനെതിരെ ആലപ്പുഴയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇന്നലെ വരെ 1500ലധികം പരാതികൾ ലഭിച്ചു. 57 കേസുകൾ രജിസ്റ്റർ ചെയ്തു. 15 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് വിവരം. മൂവാറ്റുപുഴ മേഖലയിൽ 300ഓളം പരാതികളാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |