
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിൽ നിർണായക നീക്കവുമായി കെ-റെയിൽ കോർപ്പറേഷൻ. റെയിൽവേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കിൽ, സിൽവർലൈൻ അലൈൻമെന്റിൽ മാറ്റംവരുത്താൻ തയ്യാറാണെന്ന് കെ-റെയിൽ. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന് കത്ത് നൽകി.
എന്നാൽ, അതിവേഗ വണ്ടികൾക്കു മാത്രമായുള്ള പാത (ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോർ) എന്ന അടിസ്ഥാന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. സിൽവർലൈൻ ഡി.പി.ആർ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണം. ഡി.പി.ആറിൽ മറ്റു തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ തയ്യാറാണ്. സ്പീഡ് കോറിഡോറായി പരിഗണിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കഴിയുമെന്നും വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനുകൾക്കു കൂടി സർവീസ് നടത്താൻ കഴിയുംവിധം ബ്രോഡ്‌ഗേജ് പാതയിലേക്ക് സിൽവർലൈൻ മാറ്റുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് റെയിൽവേ നൽകിയിരുന്നത്. ഇത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണെന്ന നിലപാടാണ് കെ-റെയിലിന്.
ഇ.ശ്രീധരനും കത്ത് നൽകി
റെയിൽവേ ബോർഡ് നിർദ്ദേശങ്ങൾ ദീർഘ വീക്ഷണമില്ലാത്തതാണെന്ന് കാട്ടി മെട്രോമാൻ ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഡിസംബർ ആറിന് കത്തെഴുതിയിരുന്നു. ബ്രോഡ്‌ഗേജിൽ പാത നിർമ്മിക്കാനുള്ള നിർദ്ദേശം കണ്ട് നിരാശയും ദഃഖവും തോന്നി. അതിവേഗത പാതകളിൽ പാസഞ്ചർ, ചരക്കു വണ്ടികൾ ഓടിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേനിലപാടാണ് റെയിൽവേയുമായുള്ള ചർച്ചകളിൽ കെ-റെയിലും സ്വീകരിച്ചത്. റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം പുതിയ ഡി.പി.ആർ ഉണ്ടാക്കുന്നതു കൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ശ്രീധരൻ കത്തെഴുതിയിട്ടുണ്ട്. കേരളത്തിന്റെ ഗതാഗത പ്രശ്നം പരിഹരിക്കാൻ അർദ്ധ അതിവേഗ റെയിൽപാത അനിവാര്യമാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |