നേമം: 9-ാം ക്ലാസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ സ്പെഷ്യൽ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് (എസ്.പി.ആർ) ജുവനൈൽ ജസ്റ്റിസ് ബോർഡിന് നേമം പൊലീസ് ഉടൻ നൽകും.
ഇക്കഴിഞ്ഞ 13ന് രാത്രി 8.45ഓടെയായിരുന്നു 9-ാം ക്ലാസുകാരന് മർദ്ദനമേറ്റത്. നേമത്തെ എയ്ഡഡ് സ്കൂളിലെ ഡയമണ്ട് ജൂബിലിയാഘോഷം നടക്കുന്നതിനിടെ പുറത്തുവച്ച് 9-ാം ക്ലാസ് വിദ്യാർത്ഥിയെ 25 ഓളം മുൻകാല വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ലഹരിയുപയോഗത്തിന് സ്കൂളിൽ നിന്ന് പുറത്താക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും നേമം പൊലീസ് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികളുടെ പരിപാടികൾ കഴിഞ്ഞ് രാത്രി 8.30ഓടെയാണ് അദ്ധ്യാപകരുടെ കലാപരിപാടി ആരംഭിച്ചത്.ഇതുകാണാൻ കുട്ടിയുടെ രക്ഷിതാവും സ്കൂളിലുണ്ടായിരുന്നു. ഇതിനിടെ പുറത്തുപോയ 9-ാം ക്ലാസുകാരനെ പുറത്തുള്ളവർ മർദ്ദിക്കാൻ തുടങ്ങി. പുറത്തുനിന്നിരുന്ന പ്രോഗ്രാം ഡിസിപ്ലിൻ ടീച്ചേഴ്സ് ഇടപെട്ട് കുട്ടിയെ സ്കൂളിനകത്തിരുന്ന പിതാവിനടുത്ത് എത്തിച്ചു.
എന്നാൽ പ്രോഗ്രാം കണ്ടിരുന്ന പിതാവിനെ വെട്ടിച്ച് കുട്ടി വീണ്ടും പുറത്തിറങ്ങി. കലാപരിപാടി ആസ്വദിക്കുകയായിരുന്ന പിതാവ് ഇതറിഞ്ഞതുമില്ല.
പുറത്ത് സംഘം ചേർന്ന് കാത്തിരുന്നവർ 9-ാം ക്ലാസുകാരനെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം മർദ്ദിച്ചവർ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ് വിഷയം പുറത്തറിയുന്നതും വിവാദമാകുന്നതും. കുട്ടിയെ മർദ്ദിച്ചതായി കാട്ടി രക്ഷിതാവ് നേമം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് ഇടപെട്ടത്. ജുവനൈലായതിനാൽ എതിർഭാഗത്തിനെതിരെ കേസെടുത്ത് എഫ്.ഐ.ആർ ഇടാൻ സാധിക്കില്ല.അതിനാലാണ് സംഭവമന്വേഷിച്ച് നിജസ്ഥിതി എസ്.പി.ആർ റിപ്പോർട്ടായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കുന്നതെന്ന് നേമം പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |