തിരുവനന്തപുരം: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ടെക്നോപാർക്കിലെ ജീവനക്കാരിയായ യുവതിക്ക് നഷ്ടമായത് 17 ലക്ഷം രൂപ. ക്രിപ്റ്റോ കറൻസി കച്ചവടത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം പലതവണയായി പണം തട്ടിയത്. യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.
ഫെബ്രുവരി 9ന് ഡിജിലൂം എക്സ്ചേഞ്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യുവതിയെ ടെലിഗ്രാം വഴി തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കൂടുതൽ പണം നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം ഡിജിലൂം എന്ന വെബ്സൈറ്റിൽ യുവതിയെക്കൊണ്ട് രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന് രണ്ടാഴ്ചയോളം ട്രേഡിംഗിനെക്കുറിച്ച് വിവിധ ക്ലാസുകളും നൽകി. അതിനുശേഷമാണ് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് പല തവണയായി പണം നിക്ഷേപിച്ചത്. ഒടുവിൽ പണം തിരിച്ചെടുക്കാൻ കഴിയാതെ വന്നതോടെ യുവതി സംഘത്തെ ബന്ധപ്പെട്ടപ്പോൾ ആദായ നികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു.
ആദായ വകുപ്പിന്റെ പേരിലുള്ള വ്യാജ നോട്ടീസും ഇവർ കൈമാറി.ഇതോടെയാണ് തട്ടിപ്പ് മനസിലായത്. കേരളത്തിന് പുറത്തുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന.പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |