SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

മൊത്തത്തിൽ പ്രശ്നമാ... മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ

murukkumpuzha-railway-sta

ചിറയിൻകീഴ്: മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലെ പരിമിതികളും അപര്യാപ്തതകളും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തീരദേശവാസികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. പാസഞ്ചർ ട്രെയിനുകൾക്കും ഒരു എക്സ്‌പ്രസ് ട്രെയിനുമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം നാട്ടുകാരുൾപ്പെടെയുള്ളവർ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇരു പ്ലാറ്റ്ഫോമുകളുടെയും വശങ്ങൾ കാടുപിടിച്ച് കിടക്കുന്നതിനാൽ യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. സ്റ്റേഷനിലേക്ക് പോയ രണ്ട് യാത്രക്കാർക്ക് പാമ്പുകടിയേറ്റ സംഭവവുമുണ്ടായി. സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിനിരുവശവും മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിയതിനാൽ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും വേറെ.

ട്രാക്കിലൂടെ നടക്കണം

റെയിൽവേ ഗേറ്റിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള വഴി കാടുകയറി അടഞ്ഞുകിടക്കുന്നതിനാൽ യാത്രക്കാർ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. സ്റ്റേഷനിൽ യാത്രക്കാർക്ക് കുടിവെള്ളമില്ലാത്തതാണ് മറ്റൊരു പ്രശ്നം. പൊതുടാപ്പ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. രണ്ടാം പ്ലാറ്റ്ഫോമിൽ ഷെഡുകളില്ലാത്തതിനാൽ വെയിലും മഴയുമേറ്റ് വേണം യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ.

പെട്രോൾ മോഷണവും

സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന യാത്രക്കാരുടെ വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതും പതിവാണ്. ഇവിടെ സെക്യൂരിറ്റി സംവിധാനം ഇല്ല. പൊലീസ് പട്രോളിംഗും കുറവാണ്. പ്ലാറ്റ് ഫോമുകളിൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇക്കാരണത്താൽ യാത്രക്കാർക്ക് ഭീതി കൂടാതെ നടന്നുപോകാനോ ടിക്കറ്റെടുക്കാനോ കഴിയില്ല. റെയിവേ സ്റ്റേഷനിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL