
തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചി മരിയനാട് ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം കടൽത്തീരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
പുതുക്കുറിച്ചി ബ്ലെസ്സിംഗ് വീട്ടിൽ നോബർട്ട് നാഷി(34)ന്റെ മരണത്തിലാണ് മാതാവ് സ്റ്റെല്ല ഫെർണാണ്ടസ് മുഖ്യമന്ത്രി,ഡി.ജി.പി,ഗവർണർ,കളക്ടർ,കമ്മിഷണർ,ഹോം സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്. കഴിഞ്ഞ 19ന് രാത്രി 9.15ന് വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പുറത്തേക്കുപോയ നോർബട്ടിനെ പിറ്റേദിവസം രാവിലെ 4.50ന് കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 11ഓടെയാണ് ബന്ധുക്കൾ വിവരമറിയുന്നത്. രാത്രി ആരോ ഫോണിൽ വിളിച്ചശേഷമാണ് നോബർട്ട് വീട്ടിൽനിന്നും പോയതെന്നും മുഖത്ത് ഇടിയേറ്റതിന്റെയും വായിൽനിന്ന് രക്തം ഒലിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഗൾഫിലായിരുന്ന നോബർട്ട് നാട്ടിലെത്തി കഠിനംകുളത്തെ വി ട്രാക്സ് സിനിമ തിയറ്ററിൽ ഫിലിം ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദുരൂഹത കണ്ടെത്തണമെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |