
മലയിൻകീഴ്: പാമാംകോട് പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങൾ കഴിഞ്ഞു. 127 വർഷം പിന്നിട്ട പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. നേമം,കാട്ടാക്കട നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട പാപ്പനംകോട്, മലയിൻകീഴ് റോഡ് ബന്ധിപ്പിക്കുന്ന പാമാംകോട് പാലം 1898ൽ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, നേമം,പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ഒന്നാം വാർഡ് എന്നിവയുടെ സംഘമസ്ഥാനത്താണ് പാമാംകോട് പാലം സ്ഥിതിചെയ്യുന്നത്.ഗ്രാമങ്ങളും നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ പാമാംകോട് പാലം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം. പാലം സംരക്ഷിക്കുന്നതിനൊപ്പം പകരം സംവിധാനം വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സഞ്ചാരം നിയന്ത്രിക്കണം
അപകഭീഷണി നേരിടുന്ന പാലത്തിലുടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മൂക്കുന്നിമല മിലിറ്ററി ഫയറിംഗ് സ്റ്റേഷനിലേക്കുമുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പാമാംകോട് പാലം
തെക്കൻ മലയോര മേഖലകളായ കാട്ടാക്കട, ആര്യനാട്, കോട്ടൂർ,കുറ്റിച്ചൽ,വിളവൂർക്കൽ, മലയിൻകീഴ്,മാറനല്ലൂർ തുടങ്ങിയ സ്ഥലങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പാമാംകോട് പാലം. അടുത്തിടെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും അപകടാവസ്ഥയ്ക്ക് മാറ്റമില്ല. കാരണം കാലപ്പഴക്കമാണ്.
നടപടിക്രമങ്ങൾ വൈകുന്നു
പാമാംകോട് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് നവകേരള സദസിൽ നാട്ടുകാർ അപേക്ഷ സമർപ്പിച്ചിരുന്നു.എന്നാൽ ഇപ്പോഴും നടപടി ക്രമങ്ങൾ വൈകുകയാണ്. പൊതുമരാമത്ത് ചീഫ് എൻജിനീയർ 6 കോടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാകി നൽകിയിരുന്നു. ഇതിനായി ബഡ്ജറ്റിൽ തുക വകയിരുത്തുകയും പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും ചെയ്തു.എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടേയുള്ളു. റോഡിലെ വളവ് നിവർത്തി പുതിയ പാലം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പാലം
പാമാംകോട് പുതിയ പാലത്തിന് ഫുഡ്പാത്ത് ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും.റോഡ് വീതി 7.5 മീറ്റർ.സ്ഥലം കണ്ടെത്തി നൽകുന്നതിന് റവന്യു വകുപ്പിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.വളവ് നിവർത്തിയെടുക്കാൻ 20 സെന്റ് സ്ഥലം വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകുന്ന വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |