SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ദുരിതമൊഴിയാതെ റബർ കർഷകർ

വെള്ളറട: മലയോരത്ത് റബർ കർഷകരുടെ ദുരിതങ്ങൾക്ക് ശമനമില്ല. റബറിന്റെ വിലയിടിവും ശക്തമായ മഴയുമാണ് കർഷകരെ ദുരിതത്തിലാക്കിയത്. ഏറെ നാളായി പെയ്യുന്ന മഴകാരണം ടാപ്പിംഗ് നടക്കുന്നില്ല. ഇതിനു പുറമെ ഏതാനും മാസങ്ങൾക്ക് മുമ്പ് റബർ ഷീറ്റിന് 210 രൂപ വരെ കിലോക്ക് വിലയുണ്ടായിരുന്നവ ഇപ്പോൾ 175 രൂപയിലെത്തി. ഇതോടൊപ്പം ഒട്ടുപാലിന്റെ വിലയും ഗണ്യമായി കുറഞ്ഞു.140 രൂപവരെ വിറ്റിരുന്ന ഒട്ടുപാൽ ഇപ്പോൾ 110 രൂപയായി കുറഞ്ഞിരിക്കുകയാണ്.

കർഷകർ പ്രതിസന്ധിയിലാണ്

വ്യാപകമായി റബർ ഇറക്കുമതി ചെയ്യുന്നതുകാരണം റബർ കർഷകർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രധാന റബർ ഉത്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങളായി. പുലർച്ചെ പെയ്യുന്നമഴ ടാപ്പിംഗ് മുടക്കുകയാണ്. ടാപ്പിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ട് നല്ല സീസൺ കൂടിയായിട്ടും കർഷകന് ആദായം എടുക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് റബറിന്റെ വിലയിടിവ് കാരണം കർഷകർ ഏറെ ദുരിതത്തിലാണ്. നാട്ടിലിറങ്ങുന്ന കുരങ്ങുകളും മറ്റും റബർ പാൽ തട്ടിത്തെറിപ്പിക്കുന്നതും പതിവാണ്.

ചെറുകിട കച്ചവടം തകരുന്നു

കർഷകർക്കു പുറമെ ചെറുകിട റബർ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മാർക്കറ്റിൽ ദിനംപ്രതി വിലയിലുണ്ടാകുന്ന വ്യത്യാസം കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നു. ടൺ കണക്കിന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് വിലയിലുണ്ടാകുന്ന കുറവുകാരണം നഷ്ടം വരുന്നത്. ഇതുകാരണം പത്രവിലയിൽ നിന്നും കുറച്ചാണ് കർഷകരിൽ നിന്നും കച്ചവടക്കാർ റബർ വാങ്ങുന്നത് . പ്രധാന ഉത്പാദന കേന്ദ്രമായ വെള്ളറട തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. ഇതും കർഷകരുടെ ദുരിതം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിൽക്കുകയേ മാർഗമുള്ളൂ. മലയോരത്തെ പ്രധാന കൃഷിയായ റബർ ഇപ്പോൾ പലരും ഉപേക്ഷിച്ചു കഴിഞ്ഞു.

അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന

കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ,പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതും കൃഷിക്ക് വെല്ലുവിളിയായി.

പ്രതികരണം

റബർ കർഷകരെ സഹായിക്കാൻ ഇറക്കുമതി കുറയ്ക്കുകയും ഉത്പാദിപ്പിക്കുന്ന റബർ സംഭരിക്കാൻ സർക്കാർ ന്യായമായ വിലനൽകി കർഷകരിൽ നിന്നും സ്വീകരിക്കുകയും വേണം.

അശോകൻ

റബർ കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL