SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

 മലയോരമേഖലയിൽ മഴ  കാറ്റടിച്ചാൽ വൈദ്യുതി കട്ട്

വിതുര: മഴ കനത്തതോടെ മലയോരമേഖല വീണ്ടും വൈദ്യുതി പ്രതിസന്ധിയിൽ. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് രാവും പകലും വൈദ്യുതി തടസപ്പെടുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ എന്നിവിടങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. മഴയും കാറ്റുമെത്തിയാൽ നിലയ്ക്കുന്ന വൈദ്യുതി മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപിക്കുന്നത്. കഴിഞ്ഞദിവസം കല്ലാറിൽ പോസ്റ്റിൽ വാഹനം ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. മാത്രമല്ല, മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കല്ലൻകുടി, ചെമ്പിക്കുന്ന്, ആനപ്പാറവാളേങ്കി എന്നിവിടങ്ങളിൽ അധികൃതർ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഏറെ പണിപ്പെട്ടാണ് വിതരണം പുനഃസ്ഥാപിച്ചത്. കല്ലാർ,ബോണക്കാട്,വിതുര റൂട്ടിൽ അനവധി മരങ്ങളുടെ ചില്ലകൾ ലൈനിൽ മുട്ടിനിൽക്കുന്നുണ്ട്. ടച്ചിംഗ് വർക്കിന്റെ ഭാഗമായി മരച്ചില്ലകൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും അപകടാവസ്ഥയിലാണ് മരങ്ങൾ നിൽക്കുന്നത്. ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിലും ശക്തമായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് ഗതാഗതതടസവും നേരിടാറുണ്ട്. വൈദ്യുതിലൈനുകൾ തകരുന്നതുമൂലം കെ.എസ്.ഇ.ബിക്കുണ്ടാകുന്ന നഷ്ടവും ചെറുതല്ല.

ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാട്

വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതിവിതരണം നിലയ്ക്കുന്നത് പതിവാണ്. വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനം കാരണം ഇലക്ട്രിക്, വീട്ടു ഉപകരണങ്ങൾ കേടാകുന്നതായും പരാതിയുണ്ട്. ചിലമേഖലകളിൽ വോൾട്ടേജ് ക്ഷാമവും നേരിടുന്നു. വൈദ്യുതിതടസപ്പെടുന്നതോടെ വിതുര,തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. മഴയത്തും കാറ്റിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം, വൈദ്യുതി എന്നിവ തടസപ്പെടുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി അധികൃതർ വ്യക്തമാക്കുന്നത്.

വിതുര, തൊളിക്കോട് പഞ്ചായത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL