SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വേനൽ ചൂടിന് കാഠിന്യമേറി മലയോരത്തെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ

വെളളറട: വേനൽ ചൂടിന് കാഠിന്യം കൂടിയതോടെ മലയോരമേഖലയിലെ കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകളും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുന്നു. ശക്തമായ വേനലിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിലുള്ള പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്ക്കോലിന് കെട്ടിൻ മേൽ പത്തു രൂപയിലേറെ വർദ്ധിച്ചു. എന്നാൽ ഉല്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല.

പാൽ ഉത്പ്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പ്പാദന ചെലവിനനുസരിച്ചുള്ള വില കിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.

ഉത്പ്പാദിപ്പിക്കുന്ന പാൽ സഹകരണ സംഘങ്ങളിൽ നൽകിയാൽ പാലിന്റെ കൊഴുപ്പ് നോക്കിയുള്ള വിലയാണ് ലഭിക്കുന്നത്. ഇതുകാരണം പലപ്പോഴും ഉത്പ്പാദന ചെലവിനുപോലും തികയുകയില്ല. ക്ഷീരോത്പ്പാദന മേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അത് കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.

വെള്ളത്തിനും ബുദ്ധിമുട്ട്

പാടത്തുനിന്നും ധാരാളം പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്തൽ കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നത്.തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്.

കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. വയ്ക്കോലിന്റെ വില കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല.

പാലിന് വില വർദ്ധിപ്പിക്കണമെന്ന്

വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ ക്ഷീരോത്പ്പാദക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കൂടിയ വില നൽകി പലസ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയസംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വിൽപ്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പാലെത്തിക്കുന്ന ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വില ലഭിക്കുന്നതായി കർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL