SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ഒഴിവായത് വൻ ദുരന്തം എസ്കലേറ്ററിനുണ്ടായത് സാങ്കേതിക തകരാർ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്ററിനുണ്ടായ തകരാർ,പെട്ടെന്ന് നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നിറയെ യാത്രക്കാരുമായി മുകളിലേക്ക് പോകുകയായിരുന്ന 4,5 പ്ലാറ്റ്‌ഫോമുകളുടെ മദ്ധ്യഭാഗത്തുള്ള എക്‌സലേറ്റർ പെട്ടെന്ന് പിന്നോട്ട് കറങ്ങിയത്.

ഇതുടൻ നിയന്ത്രിക്കാൻ കഴി‌ഞ്ഞില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടേനെ.യാത്രക്കാർ പേടിച്ച് ഓടിയിരുന്നെങ്കിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്യുമായിരുന്നു.

വഞ്ചിനാടും ഇന്റർസിറ്റിയും വന്ന സമയമായതിനാൽ സ്റ്റേഷനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വഞ്ചിനാട് എക്സ്പ്രസ് നിറുത്തിയ ഉടൻ പുറത്തിറങ്ങിയ യാത്രക്കാർ കൂട്ടത്തോടെ ഈ എസ്‌കലേറ്ററിലേക്ക് കയറി.ഭാരം താങ്ങാനാവാതെ എസ്‌കലേറ്റർ മുകളിലേക്ക് നീങ്ങുന്നതിനിടെ പൊടുന്നനെ അതിവേഗത്തിൽ പിന്നിലേക്ക് കറങ്ങുകയായിരുന്നു.

ഇതിൽനിന്ന് വീണാണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റത്.

മുകളിലേക്ക് പോകാനുള്ള എസ്‌കലേറ്ററുകൾ സാധാരണ അതിവേഗത്തിൽ പിന്നിലേക്ക് വരാറില്ല.വൈദ്യുതി നിലച്ചാൽ എസ്‌കലേറ്റർ നിന്നുപോവുകയാണ് ചെയ്യുക.എന്നാൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേത് മുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടെ പൊടുന്നനെ താഴേയ്ക്ക് വരികയായിരുന്നു.

റെയിൽവേയുടെ പ്രാഥമിക

അന്വേഷണത്തിൽ കണ്ടെത്തിയത്

എസ്കലേറ്ററിൽ ഓവർലോഡായിരുന്നു. ലിഫ്ട് ആണെങ്കിൽ ഓവർലോഡിൽ പ്രവർത്തിക്കില്ല.എസ്കലേറ്ററിൽ അത്തരം സംവിധാനമില്ല.തിരക്കിനിടയിൽ അബദ്ധത്തിൽ അതിലെ എമർജൻസി ബട്ടൺ ആരുടേയോ കൈ തട്ടിയമർന്ന് എസ്കലേറ്റർ പെടുന്നനെ നിന്നു.ഓവർലോഡ് മൂലം അതിലെ ബ്രേക്ക് ബെൽറ്റ് സ്ളിപ്പായി ഭൂഗുരുത്വാകർഷണം മൂലം താഴേയ്ക്ക് നീങ്ങുകയായിരുന്നു.മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കോവണി പെടുന്നനെ നിന്നതിലുള്ള ഇനേർഷ്യ മൂലം ആളുകൾ പിന്നിലേക്ക് മറിഞ്ഞു.വേഗത കുറവായതിനാലാണ് വൻ ദുരന്തമുണ്ടാകാതിരുന്നത്. മുകളിലുണ്ടായിരുന്നവർ താഴേയ്ക്ക് വീണില്ല.എന്നാൽ എസ്കലേറ്ററിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിലതെറ്റിവീണവർക്കാണ് പരിക്കേറ്റത്. ഇവർക്കുടൻ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് ആശുപത്രിയിലെത്തിച്ച് വിശദമായി പരിശോധിച്ച് ഗുരുതരമല്ലെന്ന് കണ്ട് വിട്ടയച്ചു.എസ്കലേറ്റർ കമ്പനി വിദഗ്ദ്ധരെ വിളിച്ച് എസ്കലേറ്ററിന്റെ ബ്രേക്കും ബെൽറ്റ് സംവിധാനങ്ങളും മാറ്റി സ്ഥാപിച്ചു.

റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററിൽ മൂന്ന് എമർജൻസി ബട്ടണുകളാണുള്ളത്. ഇതിൽ മുകളിലും താഴെയുമുള്ളത് അമർത്താൻ ആരെങ്കിലും മനഃപൂർവം ശ്രമിച്ചാൽ മാത്രമേ പറ്റൂ.എന്നാൽ മൂന്നാമത്തെ ബട്ടൺ ബെൽറ്റിന് തൊട്ടുമുകളിലാണ്.ഇതിൽ കയറുന്നവരുടെ കൈതട്ടി പലപ്പോഴും ഇത് അമർന്നുപോകാറുണ്ട്. ഒരിക്കൽ ബട്ടൺ അമർന്നാൽ പിന്നീട് ടെക്നിഷ്യൻ വന്ന് ബട്ടൺ ലോക്ക് തുറന്നാൽ മാത്രമേ വീണ്ടും പ്രവർത്തിക്കുകയുള്ളൂ. ആറ്റുകാൽ പൊങ്കാല പോലെ സ്റ്റേഷനിൽ വൻ തിരക്കുള്ള സമയങ്ങളിൽ പോലും ഇതുപോലൊരു അപകടം ഉണ്ടായിട്ടില്ല.സ്റ്റേഷനിൽ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ പുറത്തേക്കുളള കവാടങ്ങൾ കുറവായതിനാലാണ് ഒരു സ്ഥലത്ത് മാത്രം തിരക്കുണ്ടായതെന്ന് കരുതുന്നു.

റെയിൽവേ സ്റ്റേഷനിലെ ആറ് എസ്കലേറ്ററുകൾക്കും പതിവായി മെയിന്റനൻസ് നടത്താറുണ്ട്.നിർമ്മാതാക്കളായ ജോൺസൺ കമ്പനിക്ക് തന്നെയാണ് കരാർ.അപകടത്തിനിടയായ എക്സലേറ്റർ ഈയിടെ മെയിന്റനൻസ് നടത്തിയതാണെന്നും റെയിൽവേ വ്യക്തമാക്കി.

റെയിൽവേ നടപടി

എസ്കലേറ്റർ വാർഷിക അറ്റക്കുറ്റപ്പണി ഏറ്റെടുത്ത ജോൺസൺ ലിഫ്ട് ആൻഡ് എസ്കലേറ്റർ കമ്പനിയോട് സാങ്കേതിക റിപ്പോർട്ട് തേടി.സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സേഫ്ടി എൻജിനിയറോട് നിർദ്ദേശിച്ചു.അട്ടിമറി സാദ്ധ്യത പരിശോധിക്കും.വരുംദിവസങ്ങളിൽ എസ്കലേറ്റർ ഉപയോഗ പരിശോധന കർശനമാക്കും.യാത്രക്കാരെ ബോധവത്കരിക്കാനും നടപടിയെടുക്കും.


എസ്‌കലേറ്റർ ഉപയോഗം:

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ധൃതിപിടിച്ച് എസ്‌കലേറ്ററിൽ കയറരുത്

എസ്‌കലേറ്റർ റിവേഴ്സാവുകയാണെങ്കിൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായി താഴേയ്ക്ക് ഇറങ്ങുക
വസ്ത്രങ്ങളോ ബാഗുകളോ എസ്‌കലേറ്ററിൽ കുടുങ്ങാതെ ശ്രദ്ധിക്കുക
ചെറിയ കുട്ടികളെയും പ്രായമായവരെയും സുരക്ഷിതമായി എസ്‌കലേറ്ററിൽ കയറ്റുക

റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററുകൾ പ്രവർത്തിക്കാതെയാകുന്നതും,പെടുന്നനെ നിലയ്ക്കുന്നതും പതിവാണ്.എന്നാൽ അപ്പോഴെല്ലാം യാത്രക്കാർ കുറവായതിനാൽ അപകടമുണ്ടായിട്ടില്ല.

ഫ്രണ്ട്സ് ഒൺ റെയിൽവേ പ്രതിനിധി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL