നെയ്യാറ്റിൻകര: അനുദിനം വർദ്ധിച്ചുവരുന്ന വാഹനത്തിരക്കിൽ സംസ്ഥാനപാതയിലെ കളിയിക്കാവിള- നെയ്യാറ്റിൻകര- ബാലരാമപുരം റോഡ് വീർപ്പുമുട്ടുന്നു. അടുത്ത മന്ത്രിസഭ വന്നാലെങ്കിലും മനുഷ്യനെ കൊല്ലുന്ന ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാമല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാർ. പ്രാവച്ചമ്പലം മുതൽ കൊടിനടവരെ പണി പൂർത്തിയായെങ്കിലും ബാലരാമുപരം മുതൽ വഴിമുക്ക് വരെയുള്ള ഭൂവുടമകൾക്ക് ഇനിയും നഷ്ടപരിഹാര തുക നൽകിയിട്ടില്ല.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള നാലാംഘട്ട വികസനം ഇഴയുകയാണ്. 45 മീറ്ററിന് പകരം
30.2 മീറ്റർ വീതിയിലാണ് ഈ പാത വികസിപ്പിക്കുന്നത്. ഇവിടെയും അലൈൻമെന്റിന്റെ കാര്യത്തിൽ ബാലരാമപുരം അണ്ടർഗ്രൗണ്ട് പാതയെ കുറിച്ച് ഇതേവരെ തീരുമാനമായില്ല.
സ്ഥലമെടുപ്പിൽ കാലതാമസം
വഴിമുക്ക് മുതൽ കളിയിക്കാവിള വരെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും നഷ്ടപരിഹാരത്തുക നൽകി ഭൂമി പൂർണമായും ഏറ്റെടുത്തിട്ടില്ല. ഇവിടം മുതൽ കളിയിക്കാവിള വരെ പൂർത്തിയാകാത്തത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
പാത വികസനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കരമന-കളിയിക്കാവിള പാത വികസന ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകരയിൽ ജനകീയ സമരങ്ങൾ നടത്തുന്നുണ്ട്.ഇനിയും തുടർ നടപടിയായില്ലെങ്കിൽ സമരം വേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.
വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധം
വിഴിഞ്ഞം തുറമുഖം തുറന്ന സാഹചര്യത്തിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ ഈ പാത വികസനം അനിവാര്യമാണ്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ നവീകരണം നടക്കുന്നുണ്ട്. കൂടാതെ, പൊന്നുമന-നെയ്യാറ്റിൻകര-പാറശ്ശാല റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികളും നടക്കുന്നുണ്ട്. ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് സമാന്തരമായി സംസ്ഥാന പാതയും അടിയന്തരമായി വികസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |