
വിതുര: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വേനൽമഴ ശക്തി പ്രാപിക്കുന്നു. പൊരിവെയിലിൽ പൊള്ളുന്ന ഗ്രാമീണമേഖലയിൽ ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് മഴ പെയ്യുന്നത് അനുഗ്രഹമായി. ചൂട് കൂടിയതോടെ കിണറുകൾ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായിരുന്നു. ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം നടത്തേണ്ട അവസ്ഥയും സംജാതമായി.
നിലവിൽ വിതുര,തൊളിക്കോട്,ആര്യനാട് പഞ്ചായത്തുകളിലാണ് കൂടുതൽ വേനൽമഴ ലഭിക്കുന്നത്. പൊൻമുടി,ബോണക്കാട്,പേപ്പാറ,കല്ലാർ ടൂറിസം മേഖലകളിലും മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. മഴ കൃഷിക്കാർക്കും അനുഗ്രഹമായിട്ടുണ്ട്. നദികളിലെ നീരൊഴുക്കിനും കാര്യമായ മാറ്റം വന്നു. ഡാമുകളിലെയും ജലനിരപ്പ് ഉയർന്നുതുടങ്ങി.
നേരത്തെ വനമേഖലകളിൽ ശക്തമായ മഴ പെയ്തതിനെതുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇനി ഒരാഴ്ച കൂടി കഴിയുമ്പോൾ ഇടവമാസം പിറക്കും. ഇടവപ്പാതി തിമിർത്തുപെയ്യുമെന്ന പ്രതീക്ഷയിലാണ് മലയോരമേഖല. അതേസമയം വേനൽമഴ നാശനഷ്ടങ്ങളും വിതക്കുന്നുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. കാറ്റത്ത് മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വൈദ്യുതിലൈനുകളിൽ പതിച്ച് പൊട്ടിവീഴുകയും ചെയ്യും. മഴ എത്തിയതോടെ ഗ്രാമീണമേഖലയിൽ വൈദ്യുതി വിതരണവും തടസപ്പെടുകയാണ്. മരം വീണ് വൈദ്യുതിലൈനുകൾ തകരുന്നതിനാൽ ഇലക്ട്രിക്സിറ്റി വകുപ്പിനും കനത്ത നാശനഷ്ടമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |