
കിളിമാനൂർ: പാപ്പാലയിൽ ദമ്പതികൾ മരിച്ച വാഹനാപകടത്തിനിടയാക്കിയ ഥാർ ജീപ്പ് കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കുമ്മിൾ പുല്ലുപണ ഗോവിന്ദമംഗലം താഴേ പണവീട്ടിൽ വിപിൻ (32),പുല്ലുപണ ചരുവിള പുത്തൻ വീട്ടിൽ വിശാൽ (27) എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ വിപിൻ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ ബന്ധുവാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജീപ്പ് അംബികയുടെ മരണത്തിന് പിന്നാലെ പ്രതികൾ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 4ന് കുമ്മിൾ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40),ഭാര്യ അംബിക(31) എന്നിവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഥാർ ജീപ്പ് ബൈക്കിലെത്തിയ പ്രതികൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പൊലീസ് പെട്ടെന്ന് തീ അണച്ചതുകൊണ്ട് വാഹനം പൂർണമായും കത്തിയില്ല.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുമുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ്റുചെയ്‌തത്. ജീപ്പ് ഓടിച്ചിരുന്ന വിഷ്ണുവിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികളെ സംരക്ഷിക്കാൻ തൊണ്ടിമുതലായ വാഹനം പൊലീസ് കത്തിച്ചെന്നായിരുന്നു അന്നത്തെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |