SignIn
Kerala Kaumudi Online
Saturday, 23 May 2026 2.17 AM IST

ഈറ്റത്തൊഴിലാളികൾ പ്രതിസന്ധിയിൽ

പാലോട്: ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രശ്നം. വട്ടി,കുട്ട മുറം,പായ തുടങ്ങിയവ നിർമ്മിച്ചുനൽകി ഉപജീവനം നടത്തിയിരുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇക്കാലയളവ് സമ്മാനിക്കുന്നത്. വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് മേഖല വിവാഹ നടത്തിപ്പ് ഏറ്റെടുത്തതോടെ ഉത്പന്നങ്ങൾ ഏറകുറെ ഉപേക്ഷിച്ചു. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയ്യാറാകുന്നില്ല.

പ്രാദേശിക മാർക്കറ്റിൽ 200രൂപ മുതൽ 350രൂപവരെ വിലയുണ്ടായിരുന്ന ഈറ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്.

വിലസ്ഥിരത ഉറപ്പാക്കണം

വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ ലഭിക്കാൻ ഉൾവനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്. ഈറ്റയെത്തിച്ചാലും വാങ്ങാൻ ആളില്ലെങ്കിൽ തങ്ങളുടെ ഉത്പന്നങ്ങൾ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

സർക്കാർ ഈറ്റ എത്തുന്നില്ല

ഇടിഞ്ഞാർ,മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റ തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റയെത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷനുതന്നെ കൈമാറണമെന്നാണ് വ്യവസ്ഥ. വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60രൂപയിൽ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL