SignIn
Kerala Kaumudi Online
Friday, 10 July 2026 8.02 PM IST

അത്യാഹിതത്തിലെ തിരക്കിൽ ഡോക്ടർമാർക്ക് ശ്വാസം മുട്ടുന്നു, അടിയന്തര നടപടി ആവശ്യപ്പെട്ട് കെജിഎംഒഎ

kgmoa-
കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ഇന്നലെ നടന്ന അതിക്രമങ്ങളെ അപലപിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. ജീവൻ രക്ഷിക്കാൻ അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട ഇടങ്ങളാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. എന്നാൽ, സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ ഇപ്പോൾ 'അടിയന്തര ചികിത്സ' അർഹിക്കുന്ന ശോചനീയാവസ്ഥയിലാണുള്ളതെന്ന് കെജിഎംഒഎ ജനറൽ സെക്രട്ടറി അറിയിച്ചു.

അത്യാഹിതം എന്നത് പലപ്പോഴും പേരിൽ മാത്രമായി ഒതുങ്ങുകയാണ്. ഒ.പി വിഭാഗത്തിൽ ചികിത്സ തേടേണ്ട നിസാര അസുഖങ്ങളുമായി പോലും ആളുകൾ കൂട്ടത്തോടെ കാഷ്വാലിറ്റിയിൽ എത്തുന്നത് അനിയന്ത്രിതമായ തിരക്കിന് കാരണമാകുന്നു. അത്യാഹിത കേസുകൾക്കും മെഡിക്കോലീഗൽ കേസുകൾക്കും പുറമെ ഇത്തരം രോഗികളെക്കൂടി ഒരേസമയം പരിശോധിക്കേണ്ടി വരുന്നത് ഡ്യൂട്ടിയിലുള്ള കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ജോലിഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു.

തന്മൂലം, ജീവൻമരണ പോരാട്ടത്തിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. പ്രധാന ആശുപത്രികളിൽ 'ട്രയാജ്' സംവിധാനം അടിയന്തരമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദൗർഭാഗ്യകരമായ സംഭവം വിരൽചൂണ്ടുന്നത്. രോഗികളുടെ അവസ്ഥയുടെ ഗൗരവം അനുസരിച്ച് അവരെ തരംതിരിക്കാനും, ഗുരുതരാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകി വേഗത്തിൽ ജീവൻരക്ഷാ ചികിത്സ ലഭ്യമാക്കാനും ട്രയാജ് സംവിധാനത്തിലൂടെ സാധിക്കും.

അതോടൊപ്പം, അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കടുത്ത ക്ഷാമം ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇന്നലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരേയൊരു ഡോക്ടർ മാത്രമായിരുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന ആശുപത്രികളിലേയും സ്ഥിതിഗതികൾ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.


പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് രണ്ട് മെഡിക്കൽ ഓഫീസർമാരെയെങ്കിലും നിയമിക്കണമെന്നും, ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും കെ.ജി.എം.ഒ.എ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കാഷ്വാലിറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ.

സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള പ്രധാന ആശുപത്രികളിൽ ട്രയാജ് സംവിധാനം നടപ്പിലാക്കുമെന്നും, തിരക്കേറിയ ഷി്ര്രഫുകളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുമെന്നും കഴിഞ്ഞ ജനുവരിയിൽ സർക്കാർ അസോസിയേഷന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ ഈ ഉറപ്പുകൾ ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.


ആരോഗ്യപ്രവർത്തകർക്ക് സ്വതന്ത്രമായും ഭയരഹിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതിനായി അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശീലനം ലഭിച്ച ട്രയാജ് നഴ്സുമാർ ഉൾപ്പെടെയുള്ള മതിയായ മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ ആശുപത്രികളിൽ ട്രയാജ് സംവിധാനം ഉടൻ പ്രാവർത്തികമാക്കണം. ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ട്രയാജ് സംവിധാനവും കൂടുതൽ ഡോക്ടർമാരുടെ സേവനവും ഉടൻ ഉറപ്പാക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

English Summary

The Kerala Government Medical Officers' Association (KGMOA) has strongly condemned the violence at Neyyattinkara General Hospital following a patient's unfortunate demise, highlighting the crumbling state of emergency departments across government hospitals in Kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KGMOA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL