
പാലോട്: പകർച്ചവ്യാധികളും മാലിന്യപ്രശ്നങ്ങളും മലയോര മേഖലകൾക്ക് ഭീഷണിയായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരികൾ. നിലവിൽ ഉൾപ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യമാണ്. പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചിലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞ് മാലിന്യക്കൂമ്പാരമാണ്. മഴക്കാലമായതോടെ പരിശോധനകൾ കുറഞ്ഞതിനാൽ
വീണ്ടും അറവ് - ഹോട്ടൽ മാലിന്യം തളളൽ പതിവായി. ഇതുവഴി സഞ്ചരിക്കുന്നവർ മൂക്കുപൊത്തിവേണം യാത്ര ചെയ്യാൻ. മാത്രമല്ല, തെരുവ്നായ ശല്യവും സ്ട്രീറ്റ്ലൈറ്റ് കത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രദേശത്ത് മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴചുമത്തി വിടുകയാണ് പതിവ്. യാതൊരു പരിശോധനയുമില്ലാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ മാലിന്യം ചാക്കിലാക്കി വാഹനങ്ങളിൽ കൊണ്ടുതള്ളും. നന്ദിയോട്,പാങ്ങോട്,പെരിങ്ങമ്മല പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.പകർച്ചവ്യാധി വ്യാപനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യം കുമിഞ്ഞ് കൈത്തോടുകൾ
വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ് -പാലോട്,ആലംപാറ - ഇരപ്പ്,പാലോട്- മൈലാടി, പാലോട് ഊരാളികോണത്തു നിന്നും ആരംഭിച്ച് ജംഗ്ഷനിലെത്തി മൂക്കുപാലത്തിലൂടെ വാമനപുരം നദിയിൽ ചേരുന്ന കൈത്തോടുകൾക്കാണീ ഈ ദുർഗതി. ചെറുതോടുകളെല്ലാം എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലാണ്. ഇവിടുന്ന് പനവൂർ,കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലേക്കെത്തുന്നു.
രാസപരിശോധന വേണം
വീടുകളിലെ മാലിന്യ പൈപ്പുകൾ കൈത്തോടുകളിലേക്കാണ് തുറന്നു വച്ചിട്ടുള്ളത്. ആശമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി നൽകുന്ന നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ്. വീടുകളിലേയും ചില ഹോട്ടലുകളിലേയും കക്കൂസ് മാലിന്യം ഉൾപ്പെടെ ജലാശയത്തിലേക്കെത്തുന്നു. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി.ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |