വിതുര: മലയോരമേഖലയിൽ മഴ കനക്കുന്നു. മൂന്ന് ദിവസമായി പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ വനമേഖലകളിൽ നാട്ടിൻപുറത്തെ അപേക്ഷിച്ച് മഴ കോരിച്ചൊരിയുകയാണ്. വനാന്തരങ്ങളിൽ കനത്ത മഴ പെയ്തതിനെതുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും മരങ്ങളും പാറകളും മറ്റും നദിയിലേക്ക് ഒഴുകിയെത്തുന്നു. നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. വാമനപുരം നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. നദീതീരങ്ങൾ വ്യാപകമായി ഇടിഞ്ഞ് ഏക്കർ കണക്കിന് ഭൂമി ഒലിച്ചുപോകുകയും ചെയ്തു. വാമനപുരം നദി നിറഞ്ഞൊഴുകുകയാണ്. നേരത്തേ കടുത്ത വേനൽചൂടിനെത്തുടർന്ന് പൊൻമുടി ഉൾപ്പടെയുള്ള മലയോരമേഖല ഉണങ്ങിവരണ്ട സ്ഥിതിയിലായിരുന്നു. കടുത്തചൂടേറ്റ് കാർഷിക, വ്യാവസായികമേഖലകൾ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരുന്നു.എന്നാൽ ഇടവപ്പാതി എത്തിയതോടെ സ്ഥിതിഗതികൾ മാറി.ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കൃഷിനാശവും
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമുണ്ടായി. വാഴ,പച്ചക്കറി കൃഷികളാണ് കൂടുതൽ നശിച്ചത്. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് വീടുകൾക്കും കേടുപാടുണ്ടായി. ചില മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതിലൈനുകളും പോസ്റ്റുകളും തകർന്നു. മഴ എത്തിയതോടെ വൈദ്യുതിവിതരണം തടസപ്പെടുന്നതായും പരാതിയുണ്ട്.
സംസ്ഥാനപാത വെള്ളത്തിൽ
മഴ കനത്തതോടെ ഗ്രാമീണമേഖലയിലെ റോഡുകൾ താറുമാറായി. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും വെള്ളക്കെട്ട് രൂപാന്തരപ്പെട്ടു. റോഡ് ടാറിംഗ് നടത്തിയെങ്കിലും മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന ഓടകൾ ഭൂരിഭാഗവും മൂടപ്പെട്ടു. തൊളിക്കോട്, പേരയത്തുപാറ, ഇരുത്തലമൂല, ചേന്നൻപാറ, വിതുര ശിവൻകോവിൽ ജംഗ്ഷൻ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ മഴപെയ്യുമ്പോൾ റോഡ് തോടായി മാറുന്ന സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |