
ആറ്റിങ്ങൽ: ചെളി വെള്ളം നിറഞ്ഞ് യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ് ആറ്റിങ്ങൽ വീരളം ജംഗ്ഷൻ.അശാസ്ത്രീയ റോഡ് നവീകരണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
നവീകരണത്തിന്റെ ഭാഗമായി റോഡിൽ നിരവധി കോൺക്രീറ്റ് ബീമുകൾ നിർമ്മിച്ച്,അതിനുള്ളിൽ കോൺക്രീറ്റ് നിറയ്ക്കുകയായിരുന്നു.ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോയപ്പോൾ ബീമിനുള്ളിലെ കോൺക്രീറ്റ് ഇടിഞ്ഞുതാഴ്ന്നു.ഉയർന്നു നിൽക്കുന്ന ബീമുകൾക്കുള്ളിലെ കുഴികളിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞാണ് ദുരിതമായിരിക്കുന്നത്.
പട്ടണത്തിൽ വൺവേ ആയതിനാൽ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് വർക്കല ഭാഗത്തേയ്ക്ക് പോകുന്ന ബസുകളും കവലയൂർ,ചിറയിൻകീഴ്,വക്കം,കടയ്ക്കാവൂർ ഭാഗത്ത് നിന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകളടക്കം എല്ലാ വാഹനങ്ങളും ഇതു വഴിയാണ് പോകേണ്ടത്.
ഇവിടെ ഒരു വശത്ത് നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്ര ചെളി വെള്ളത്തിലൂടെയാണ്. കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടത്തിലുംപ്പെടാറുണ്ട്.എത്രയും വേഗം അധികൃതർ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരക്കേറിയ ജംഗ്ഷൻ
വീരളം ജംഗ്ഷൻ കേന്ദ്രികരിച്ച് ഒരു ഹയർസെക്കൻഡറി സ്കൂളും രണ്ട് യു.പി സ്കൂളും നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.ജംഗ്ഷനിൽ തന്നെയാണ് പ്രസിദ്ധമായ വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും.സദാ സമയവും തിരക്കേറിയ ജംഗ്ഷനാണ് ഇത്.
കാൽനടയാത്ര ദുരിതം
രാവിലെയും വൈകിട്ടും നൂറുക്കണക്കിന് വിദ്യാർത്ഥികളാണ് കാൽനടയായി ഇതുവഴി പോകുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം വാഹനങ്ങളിലും കാൽനടയാത്രക്കാരുടെ ദേഹത്തും തെറിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |