കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ- കടമാൻകുന്ന് പ്രദേശങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി നാട്ടുകാർ പറയുന്നു. മദ്യപന്മാർ റോഡിലൂടെ അട്ടഹസിക്കുകയും, തെറിവിളിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. കോട്ടൂർ ജംഗ്ഷനിൽ ബസ് കാത്ത് നിൽക്കുന്നവരും, സ്കൂൾ കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. ജംഗ്ഷനിൽ മദ്യപിച്ച് സ്ഥിരമായി തെറിവിളിക്കുന്നവരും ഉണ്ട്. അടഞ്ഞുകിടക്കുന്ന ചില കടകളുടെ പിറകിൽ മദ്യക്കച്ചവടം പൊടിപൊടിക്കുന്നതായും ബസ് യാത്രക്കാർ പറയുന്നു.
കടമാൻകുന്നിൽ വിദേശമദ്യക്കച്ചവടമുള്ളതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്ന് രാത്രി, സ്വകാര്യ വ്യക്തികളുടെ തെങ്ങിൻ പുരയിടത്തിൽ നിന്നും ഇളനീർ കുലകൾ മോഷണം പോയിരുന്നു. അവധി ദിവസങ്ങളിൽ കടമാൻകുന്നിലെ, പഞ്ചായത്ത് തടങ്ങളിൽ പോലും രാത്രിയും പകലും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ മദ്ധ്യഭാഗത്ത് ഇരുന്നാണ് യുവാക്കൾ മദ്യപിക്കുന്നത്. എതിർക്കുന്നവരെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. നെയ്യാർ ഡാം പൊലീസിന്റെയും ആര്യനാട് എക്സൈസിന്റെയും സജീവ ശ്രദ്ധ ഈ പ്രദേശത്തുണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |